
മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിൻറെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി ഹൈക്കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. മൂന്ന് ദിവസത്തെ കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് സിബിഐ സമർപ്പിച്ച ഹർജിയിലാണ് കസ്റ്റഡി ജൂലൈ 12 വരെ നീട്ടിയത്. ബുധനാഴ്ച മദ്യനയവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്ത കെജ്രിവാളിനെ ഇന്ന് റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയിരുന്നു.
ജൂൺ 26നാണ് തിഹാർ ജയിലിൽ നിന്ന് കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ അറസ്റ്റ് ചെയ്യുമ്പോൾ കെജ്‌രിവാൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന അതേ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. മദ്യനയ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത് ഡൽഹി മുഖ്യമന്ത്രിയാണ്, കൊവിഡ് കാലത്ത് സൗത്ത് ഗ്രൂപ്പ് അംഗങ്ങള്‍ സ്വകാര്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തി, ആ സമയം മറ്റ് യാത്രാ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടായിരുന്നില്ല, സൗത്ത് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പിന്നീട് മദ്യനയം ആവുകയായിരുന്നു, ഉത്തരവാദിത്തം മുഴുവന്‍ കെജ്‌രിവാൾ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മേല്‍ കെട്ടിവെയ്ക്കുകയാണ് തുടങ്ങിയ വാദങ്ങൾ സിബിഐ കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ചിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായാണ് ജുഡീഷ്യൽ കസ്റ്റഡി നീട്ടുന്നതാവശ്യപ്പെട്ട് സിബിഐ ഹർജി സമർപ്പിച്ചത്.