മാനനഷ്ടക്കേസിൽ ടിഎംസി നേതാവ് സാകേത് ഗോഖലെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ഹൈക്കോടതി

സോഷ്യൽ മീഡിയയിൽ പരസ്യമായി ക്ഷമാപണം നടത്തണമെന്നും കോടതി നിർദേശിച്ചു
മാനനഷ്ടക്കേസിൽ ടിഎംസി നേതാവ് സാകേത് ഗോഖലെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ഹൈക്കോടതി
Published on

മുൻ നയതന്ത്രജ്ഞ ലക്ഷ്മി പുരി നൽകിയ മാനനഷ്ടക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സാകേത് ഗോഖലെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ഹൈക്കോടതി. സോഷ്യൽ മീഡിയയിൽ പരസ്യമായി ക്ഷമാപണം നടത്തണമെന്നും കോടതി നിർദേശിച്ചു. ഗോഖലെയുടെ മാപ്പപേക്ഷ ഒരു പ്രമുഖ ദേശീയ പത്രത്തിൽ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു. എട്ട് ആഴ്ചയ്ക്കുള്ളിൽ ഉത്തരവ് പാലിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.

2021 ജൂൺ 13 നും ജൂൺ 26 നും ഗോഖലെ നടത്തിയ ട്വീറ്റുകളിൽ നിന്നാണ് നിയമയുദ്ധം ഉടലെടുത്തത്. ലക്ഷ്മി പുരി തൻ്റെ വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സ്വിറ്റ്സർലൻഡിൽ വാങ്ങിയെന്നാണ് ഗോഖലെ തന്റെ ട്വീറ്റുകളിലൂടെ ആരോപിച്ചത്. അവരുടെ ഭർത്താവും, കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രിയുമായ ഹർദീപ് സിങ് പുരിയ്ക്കെതിരെയും ഗോഖലെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

തനിക്കും കുടുംബത്തിനും എതിരെ വസ്തുതാപരമല്ലാത്തതും അപകീർത്തികരവുമായ പ്രസ്താവനകൾ ഉന്നയിക്കുന്നെന്ന് കാട്ടി 2021ലാണ് ലക്ഷ്മി പുരി കേസ് ഫയൽ ചെയ്തത്. യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെൻ്റിലെ ഇന്ത്യാ ഗവൺമെൻ്റിൻറെ ഡെപ്യൂട്ടേഷനിലായിരുന്നതിനാൽ തൻ്റെ വരുമാനത്തെക്കുറിച്ചുള്ള ഗോഖലെയുടെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ വാദിച്ചു. എന്നാൽ ഒരു പൗരനെന്ന നിലയിൽ പൊതു വ്യക്തികളുടെ സ്വത്തുക്കൾ ചോദ്യം ചെയ്യാൻ ഗോഖലെയ്ക്ക് അവകാശമുണ്ടെന്നാണ് ഗോഖലെയുടെ അഭിഭാഷകൻ വാദിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com