
അവിവാഹിതനായിരിക്കെ മരിച്ചുപോയ മകന്‍റെ ബീജം ഉപയോഗിച്ച് വാടക ഗർഭധാരണത്തിലൂടെ പേരക്കുട്ടിയെ വേണം എന്ന ആഗ്രഹത്തിന് ഡൽഹി ഹൈക്കോടതിയുടെ അനുമതി. മരിച്ചു പോയ മകൻ്റെ ശീതീകരിച്ച ബീജ സാമ്പിൾ മാതാപിതാക്കൾക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. കോടതിയുടെ ഉത്തരവിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ അറിയിച്ചു.
“ഞങ്ങൾ വളരെ നിർഭാഗ്യവാന്മാരായിരുന്നു, ഞങ്ങൾക്ക് ഞങ്ങളുടെ മകനെ നഷ്ടപ്പെട്ടു. എന്നാൽ കോടതി ഞങ്ങൾക്ക് നൽകിയത് വളരെ വിലപ്പെട്ട ഒരു സമ്മാനമാണ്. ഞങ്ങൾക്ക് ഇപ്പോൾ ഞങ്ങളുടെ മകനെ തിരികെ കൊണ്ടുവരാൻ കഴിയും, ”അമ്മ ഹർബീർ കൗർ പ്രതികരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. 2020 ഡിസംബറിൽ ഡൽഹിയിലെ ഗംഗാ റാം ഹോസ്പിറ്റൽ തങ്ങളുടെ ഫെർട്ടിലിറ്റി ലാബിൽ സൂക്ഷിച്ചിരുന്ന മകൻ്റെ ബീജം പുറത്തുവിടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കൗറും ഭർത്താവ് ഗുർവീന്ദർ സിംഗും കോടതിയെ സമീപിച്ചത്.
ക്യാൻസർ ബാധിതനായ മകൻ്റെ കീമോ ചികിത്സകൾ ആരംഭിക്കുമ്പോൾ അത് ബീജത്തിൻ്റെ ഗുണനിലവാരത്തെ ബാധിക്കുമോയെന്ന ആശങ്കയെ തുടർന്ന് ആശുപത്രി നിർദേശിച്ചതിനാലാണ് ബീജം സുരക്ഷിതമായൊരിടത്ത് സൂക്ഷിച്ചത്. 2020 ജൂൺ 27 നാണ് മകൻ മരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് ശേഷം മാതാപിതാക്കൾ ഈ ആവശ്യവുമായി ആശുപത്രിയെ സമീപിച്ചപ്പോൾ അവർ ഈ ആവശ്യം നിരസിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്.
60 വയസുകാരായ മാതാപിതാക്കൾ മരിച്ചു പോയാൽ കുട്ടിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് ഇവരുടെ രണ്ട് പെൺമക്കൾ അറിയിച്ചിട്ടുണ്ട്. ജർമ്മനിയിൽ മസ്തിഷ്ക കാൻസർ ബാധിച്ച് മരിച്ച 27 വയസ്സുള്ള മകൻ്റെ ബീജം ഉപയോഗിച്ച് വാടക ഗർഭധാരണത്തിലൂടെ ഇരട്ട പേരക്കുട്ടികളെ ലഭിച്ച പടിഞ്ഞാറൻ ഇന്ത്യൻ നഗരമായ പൂനെയിലെ 48 കാരിയായ സ്ത്രീയുടെ 2018 ലെ കേസും അവർ കോടതിയിൽ ഉദ്ധരിച്ചു.
2002ൽ ഇസ്രയേലിൽ നിന്ന് ഗാസയിൽ കൊല്ലപ്പെട്ട 19 വയസ്സുള്ള സൈനികൻ്റെ മാതാപിതാക്കൾ തങ്ങളുടെ മകൻ്റെ ബീജം ഉപയോഗിച്ച് കുട്ടിയുണ്ടാക്കാൻ നിയമപരമായ അനുമതി നേടിയ കേസുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകളും ജസ്റ്റിസ് സിംഗ് തൻ്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടി.