
മദ്യനയക്കേസുമായി ബന്ധപ്പെട്ട സിബിഐ അറസ്റ്റിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പറയാനായി മാറ്റിവെച്ചു. കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷ ജൂലൈ 29ന് കോടതി പരിഗണിക്കും.
ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണയാണ് കേസില്‍ വാദം കേട്ടത്. സിബിഐയുടെ കൈയില്‍ അറസ്റ്റ് ചെയ്യാന്‍ തക്കവണ്ണം തെളിവുകളില്ലായെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി പറഞ്ഞു. നിയമപരമല്ലാതെ, മൗലിക അവകാശങ്ങളെ ഹനിക്കുന്ന തരത്തിലായിരുന്നു സിബിഐയുടെ അറസ്റ്റെന്നും സിങ്‌വി വാദിച്ചു. കെജ്‌രിവാളിന്‍റെ അറസ്റ്റിനെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ അറസ്റ്റുമായാണ് സിങ്‌വി ഉപമിച്ചത്.
"മൂന്ന് ദിവസം മുന്‍പ് ഇമ്രാന്‍ഖാന്‍ മോചിതനായ കാര്യം നമ്മള്‍ പത്രത്തില്‍ വായിച്ചതാണ്. പിന്നീട് അദ്ദേഹം മറ്റൊരു കേസില്‍ അറസ്റ്റിലായി. ഇത് നമ്മുടെ നാട്ടില്‍ നടക്കാന്‍ അനുവദിക്കരുത്", സിങ്‌വി കോടതിയെ അറിയിച്ചു.
ജൂണ്‍ 25 ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കെജ്‍രിവാളിനെ തിഹാര്‍ ജയിലില്‍ സിബിഐ ചോദ്യം ചെയ്യുകയും ജൂണ്‍ 26ന് കോടതി അനുമതിയോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഡല്‍ഹി മദ്യനയ അഴിമതിയിലെ മുഖ്യ സൂത്രധാരന്‍ അരവിന്ദ് കെജ്‌രിവാളാണെന്നാണ് സിബിഐയുടെ വാദം. കേസില്‍ ആം ആദ്മി പാര്‍ട്ടിയും താനും തെറ്റ് ചെയ്തിട്ടില്ലെന്നും മദ്യ വ്യവസായത്തിലൂടെ നികുതി കൂട്ടാന്‍ മാത്രമായിരുന്നു നിര്‍ദേശം നല്‍കിയിരുന്നതെന്നുമാണ് കെജ്‍രിവാള്‍ പറയുന്നത്. കോവിഡ് കാലത്ത് കെജ്‍രിവാള്‍ സൗത്ത് ഗ്രൂപ്പ് അംഗങ്ങളുടെ സ്വകാര്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയെന്നും സൗത്ത് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പിന്നീട് മദ്യനയം ആവുകയായിരുന്നു എന്നുമാണ് സിബിഐ നിരീക്ഷണം.
മദ്യനയ കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞയാഴ്ച സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.