എഎപി പദ്ധതികളെക്കുറിച്ച് കോൺഗ്രസിന് പരാതി; ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ

കോൺഗ്രസ് നേതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ലഫ്റ്റനൻ്റ് ഗവർണറുടെ ഓഫീസ് ഡൽഹി ചീഫ് സെക്രട്ടറിക്കും പൊലീസ് കമ്മീഷണർക്കും അന്വേഷണത്തിന് പ്രത്യേക നിർദേശം നൽകിയത്
എഎപി പദ്ധതികളെക്കുറിച്ച് കോൺഗ്രസിന് പരാതി; ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ
Published on

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ആം ആദ്മി പാർട്ടിയുടെ വിവിധ പദ്ധതികളെക്കുറിച്ചുള്ള ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേന. കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ലഫ്റ്റനൻ്റ് ഗവർണറുടെ ഓഫീസ് ഡൽഹി ചീഫ് സെക്രട്ടറിക്കും പൊലീസ് കമ്മീഷണർക്കും പ്രത്യേകം നിർദേശം നൽകിയത്.

ആം ആദ്മി പാർട്ടിയുടെ മഹിളാ സമ്മാൻ യോജനയുടെ മറവിൽ വ്യക്തിവിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുന്നു, കോൺഗ്രസ് സ്ഥാനാർഥികളുടെ വസതികൾക്ക് സമീപം പഞ്ചാബ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് പണം കൈമാറ്റം ചെയ്തു തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കാനാണ് ലെഫ്റ്റനൻ്റ് ഗവർണർ നിർദേശിച്ചിരിക്കുന്നത്.

യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 2,100 രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന എഎപി സംരംഭമായ മഹിളാ സമ്മാൻ യോജനയെക്കുറിച്ചുള്ള ആശങ്കകളും ദീക്ഷിതിൻ്റെ പരാതിയിൽ ഉയർന്നു. ഗുണഭോക്താക്കളെ ചേർക്കാനെന്ന വ്യാജേന സ്വകാര്യ വ്യക്തികൾ പൊതുജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചുവെന്ന പരാതിയിൽ ഡിവിഷണൽ കമ്മീഷണർ മുഖേന അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറിയോട് വി.കെ. സക്‌സേന ഉത്തരവിട്ടിട്ടുണ്ട്. അനധികൃത രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ച് പൗരന്മാരുടെ സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഗവർണർ ഡൽഹി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, തൻ്റെ പാർട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. അവർ എന്ത് അന്വേഷിക്കുമെന്നും അദ്ദേഹം ചോദിച്ചു. "തെരഞ്ഞെടുപ്പിൽ മത്സരിച്ച് ബിജെപി എന്തു ചെയ്യുമെന്ന് ഞങ്ങൾ ആവർത്തിച്ച് ചോദിച്ചിരുന്നു. എന്താണ് അവരുടെ പദ്ധതി? ഡൽഹിയിൽ അവർ ജയിച്ചാൽ മഹിളാ സമ്മാൻ യോജന, സഞ്ജീവനി യോജന, സൗജന്യ വൈദ്യുതി, സൗജന്യ വിദ്യാഭ്യാസം എന്നിവ നിർത്തലാക്കുമെന്ന് ഇന്ന് ഞങ്ങൾക്ക് മനസിലായി" മുൻ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

മഹിളാ സമ്മാൻ യോജനയ്ക്കും സഞ്ജീവനി യോജനയ്ക്കും സർക്കാർ അംഗീകാരമില്ലെന്നും അവ നിലവിലില്ലെന്നും കാണിച്ച് കേന്ദ്ര സർക്കാരിൻ്റെ വനിതാ ശിശു വികസന, ആരോഗ്യ വകുപ്പുകൾ നേരത്തെ പരസ്യമായി നോട്ടീസ് നൽകിയിരുന്നു. അനധികൃത വ്യക്തികളുമായി വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിനെതിരെ ഡൽഹി സർക്കാർ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയും, ഈ രജിസ്ട്രേഷനുകൾ തട്ടിപ്പാണെന്ന് വിശദീകരിക്കുകയും ചെയ്തു.

"തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം സ്ത്രീകൾക്ക് 2,100 രൂപയും 60 വയസിന് മുകളിലുള്ള വയോജനങ്ങൾക്ക് സൗജന്യ ചികിത്സയും നൽകുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഈ രണ്ട് പദ്ധതികളും പൊതുജനങ്ങൾക്ക് വളരെ പ്രയോജനകരമാണ്. ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ബിജെപി പരിഭ്രാന്തരായി. കെട്ടിവെച്ച കാശ് പോലും പലയിടത്തും നഷ്‌ടപ്പെടുമെന്ന് പല ബിജെപി നേതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അവർ ആദ്യം ഗുണ്ടകളെ അയച്ചു. പിന്നെ പൊലീസിനെ അയച്ചു. രജിസ്ട്രേഷൻ ക്യാമ്പ് പിഴുതെറിഞ്ഞു. ഇന്ന് തട്ടിപ്പെന്ന വ്യാജേന അന്വേഷണത്തിന് ഉത്തരവിട്ടു. അവർ എന്ത് അന്വേഷിക്കും? ഞങ്ങൾ ജയിച്ചാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അതുപോലെ തന്നെ നടപ്പിലാക്കും,” കെജ്‌രിവാൾ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിനായി പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് പണം കടത്തുന്നുണ്ടെന്ന് ലഫ്റ്റനൻ്റ് ഗവർണർക്ക് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് നൽകിയ പരാതിയിൽ പറയുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ നിരീക്ഷിക്കാൻ ഡൽഹി പൊലീസ് കമ്മീഷണർക്ക് ഗവർണറുടെ ഓഫീസ് നിർദേശം നൽകി. അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ പൊലീസ് സേനയ്ക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പഞ്ചാബ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ വസതികൾക്ക് സമീപം നിലയുറപ്പിച്ചിട്ടുണ്ടെന്നും ദീക്ഷിത് അവകാശപ്പെട്ടു. ഈ അവകാശവാദം അന്വേഷിച്ച് മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണറുടെ ഓഫീസ് ഡൽഹി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com