
ഡൽഹിയില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. തലസ്ഥാനത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും രാത്രിയിൽ കനത്ത മഴയും ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടായി. ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലും കനത്ത മഴ പെയ്തു.
നഗരത്തില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നിരവധി റോഡുകളും അടിപ്പാതകളും വെള്ളത്തിനടിയിലായത് ഗതാഗതത്തിന് വലിയ തടസമാണുണ്ടാക്കുന്നത്. മിൻ്റോ റോഡ്, ഹുമയൂൺ റോഡ്, ശാസ്ത്രി ഭവൻ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശക്തമായ കൊടുങ്കാറ്റും കനത്ത മഴയും 100ലധികം വിമാനങ്ങളെയാണ് ബാധിച്ചത്. കാറ്റിനെ തുടർന്ന് 25 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. യാത്രക്കാരോട് പുതിയ അപ്‌ഡേറ്റുകൾക്കായി അതത് എയർലൈനുകൾ പരിശോധിക്കാൻ വിമാനത്താവളം നിർദേശം നൽകിയിട്ടുണ്ട്.
തുറസായ സ്ഥലങ്ങൾ ഒഴിവാക്കാനും, മരങ്ങൾക്കടിയിൽ അഭയം പ്രാപിക്കാതിരിക്കാനും, ദുർബലമായ മതിലുകളിൽ നിന്നും അസ്ഥിരമായ ഘടനകളിൽ നിന്നും മാറിനിൽക്കാനും, ജലാശയങ്ങൾക്ക് സമീപം പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.