
നരേന്ദ്രമോദിയുടെ ബിഎ ബിരുദം സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന ഹർജിയിൽ വിവരാവകാശ കമ്മീഷൻ നിലപാടിനെ ചോദ്യം ചെയ്ത് ഡൽഹി സർവകലാശാല. വിദ്യാർഥികളുടെ വിവരം മൂന്നാമത് ഒരാളോട് വെളിപ്പെടുത്താൻ കഴിയില്ല. ഇത് ആർടിഐ നിയമത്തെ ദുരുപയോഗം ചെയ്യലാണതെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. കേസിൽ ഈ മാസം വാദം തുടരും.
മൂന്നാമതൊരാളുടെ ജിജ്ഞാസ തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ളതല്ല വിവരാവകാശ നിയമം എന്നായിരുന്നു നരേന്ദ്ര മോദിയുടെ ബിരുദം വിവാദ കേസിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹൈക്കോടതിയിൽ പറഞ്ഞ വാക്കുകൾ. വിദ്യാർഥികളുടെ വിവരം മൂന്നാമതൊരാളോട് വെളിപ്പെടുത്തേണ്ട കാര്യം സർവകലാശാലക്കില്ല. ആർടിഐ നിയമത്തെ ദുരുപയോഗം ചെയ്യലാണതെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
1978ൽ ഡൽഹി സർവകലാശാലക്ക് കീഴിൽ നരേന്ദ്രമോദിക്ക് ബിഎ ഡിഗ്രി ലഭിച്ചുവെന്നത് വ്യാജ അവകാശവാദമാണ് എന്നായിരുന്നു ആർടിഐ ആക്ടിവിസ്റ്റ് നീരജ് കുമാർ ഉന്നയിച്ച വാദം. 1978 ൽ ഡൽഹി സർവകലാശാലയിൽ മോദി പഠിച്ചിട്ടുണ്ടെങ്കിൽ അനുബന്ധ രേഖകൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടായിരുന്നു ഹർജി. 1978 ൽ ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിൽ ബിഎക്ക് പഠിച്ച പാസായിരുന്നോ, ഇവരുടെ പരീക്ഷാ വിവരങ്ങൾ, റോൾ നമ്പറും പേരും മാർക്ക് ലിസ്റ്റും, എന്നിവ തേടിയാണ് നീരജ് കുമാർ ആർടിഐയെ സമീപിക്കുന്നത്. ഇത് സംബന്ധിച്ച് 2016 ഡിസംബർ 21ന് പാസാക്കിയ കേന്ദ്ര വിവരാവകാശ കമ്മിഷൻ (സിഐസി) ഉത്തരവും കോടതിയിൽ ഹാജരാക്കിയിരുന്നു.
കേസിൽ പഠിതാവ് എന്ന നിലയിൽ സർവകലാശാലയ്ക്ക് ഇക്കാര്യങ്ങൾ വെളിപ്പെടുത്താം എന്നായിരുന്നു കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ്. സർവകലാശാലകൾ പൊതുസ്ഥാപനങ്ങളാണ്, വിദ്യാർഥികളുടെ കോഴ്സ് സംബന്ധിച്ച വിവരങ്ങളും, സ്വകാര്യവിവരങ്ങളുമെല്ലാം വാഴ്സിറ്റി രജിസ്റ്ററിൽ ലഭ്യമാണ്. ഇത് പബ്ലിക് ഡോക്യുമെന്റാണെന്നും സിഐസി വ്യക്തമാക്കിയിരുന്നു. എന്നാൽ 2017 ൽ ഡൽഹി ഹൈക്കോടതിയിൽ വന്ന ഹർജിയിൽ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജനുവരി 24, 2017 നാണ് സിഐസി ഓർഡർ സ്റ്റേ ചെയ്തത്.
ഒരു വ്യക്തിക്ക് അയാളുടെ രേഖകളുടെ വിശദാംശങ്ങൾ സർവകലാശാലയിൽ നിന്ന് തേടാം. എന്നാൽ മൂന്നാമതൊരാൾക്ക് മറ്റൊരാളുടെ രേഖകൾ ആവശ്യപ്പെടാനോ വെളിപ്പെടുത്താനോ നിയമം അനുവദിക്കുന്നില്ലെന്നാണ് കേസിൽ തുഷാർ മേത്ത വാദിക്കുന്നത്. സിഐസി ഉത്തരവിനെ വിമർശിച്ച തുഷാർ മേത്ത, ഈ കേസിൽ സിഐസി ഓർഡറിൽ വ്യക്തതക്കുറവുണ്ടെന്നും കമ്മീഷൻ ഉത്തരവുകൾ വിവേചനരഹിതവും നിഷ്പക്ഷവുമായിരിക്കണമെന്നും വാദിച്ചു.
സെക്ഷൻ ആറ് പ്രകാരം പഠിച്ച വിദ്യാർഥികളുടെ പേരോ കോഴ്സോ വ്യക്തമാക്കുന്നതിൽ തടസ്സമില്ലെങ്കിലും മറ്റെല്ലാ വിവരങ്ങളും വ്യക്തിയുടെ വിശ്വാസ യോഗ്യതയുടെ പൊതുവിവര പരിധിയിൽ വരില്ലെന്നാണ് സർവകലാശാലാ വാദം. ഹൈക്കോടതി സിംഗിൾ ബഞ്ച് ജഡ്ജ് സച്ചിൻ ദത്തയാണ് കേസിൽ വാദം കേൾക്കുന്നത്. ജനുവരി അവസാനം വീണ്ടും വാദം കേൾക്കും.