VIDEO | കാനഡയിൽ ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിഞ്ഞു; 15 പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

VIDEO | കാനഡയിൽ ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിഞ്ഞു; 15 പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

യുഎസിലെ മിനിയാപൊളിസിൽ നിന്നുള്ള എൻഡവർ എയർ വിമാനം ടൊറൊന്റോയിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് സംഭവം
Published on

കാനഡയിലെ ടൊറൊന്റോ- പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ  ലാന്‍ഡ് ചെയ്ത ഡെൽറ്റാ എയർലൈൻ യാത്രാവിമാനം തലകീഴായി മറിഞ്ഞു. അപകടത്തിൽ 15 പേർക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേരുടെ നില ഗുരുതരമാണ്.  വിമാനത്തിന്‍റെ വലിപ്പക്കുറവും രൂപകൽപ്പനയും സീറ്റ് ബെൽറ്റുകളുടെ ഉറപ്പുമാണ് വൻ അപകടമൊഴിവാക്കിയത്. വിമാനജീവനക്കാരുടെ സമയോജിതമായ ഇടപെടലും യാത്രികർക്ക് രക്ഷയായി. ടൊറൊന്റോയിൽ ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയ്ക്ക് മണിക്കൂറുകൾക്ക് ശേഷം, യുഎസിലെ മിനിയാപൊളിസിൽ നിന്നുള്ള എൻഡവർ എയർ വിമാനം ടൊറൊന്റോയിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് സംഭവം. അപകടകാരണം മഞ്ഞ് വീഴ്ചയാണെന്നാണ് കരുതുന്നത്.

അപകടം പറ്റിയ ഡെല്‍റ്റ എയർലൈന്‍ വിമാനത്തില്‍ നാല് ക്രൂ അംഗങ്ങളും 76 യാത്രക്കാരും അടക്കം 80 പേരാണുണ്ടായിരുന്നത്.  മഞ്ഞു പുതഞ്ഞ റൺവേയിലേക്ക് വിമാനം ഇടിച്ചിറങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തലകീഴായി മറിഞ്ഞ് സെക്കൻഡുകൾക്കകം കറുത്ത കട്ടിപുക വിമാനത്തിൽ നിന്ന് ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം. സിആർജെ -900 വിമാനത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന യാത്രക്കാരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ ഫ്യൂസ്‌ലേജിൽ നിന്ന് പുക ഉയ‍ർന്ന സാഹചര്യത്തിൽ തീപിടിക്കാതിരിക്കാനായി യാത്രക്കാരെ പുറത്തിറക്കും മുൻപ് തന്നെ അഗ്നിശമന സേനാംഗങ്ങൾ വിമാനത്തിലേക്ക് വെള്ളം പമ്പ് ചെയ്തു. സംഭവത്തെത്തുടർന്ന് ടൊറൊന്റോ വിമാനത്താവളത്തിലെ എല്ലാ വിമാന സർവീസുകളും രണ്ട് മണിക്കൂ‍ർ നേരത്തേക്ക് നിർത്തിവച്ചു. ഇപ്പോൾ വിമാന സർവീസുകള്‍ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും, യാത്രകൾക്ക് നീണ്ട കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.

ഡെൽറ്റ സിഇഒ എഡ് ബാസ്റ്റ്യൻ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ടൊറൊന്റോ-പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് നടന്ന സംഭവത്തിൽ ലോകമെമ്പാടും ഉള്ള മുഴുവൻ ഡെൽറ്റ കുടുംബത്തിന്റെയും ഹൃദയങ്ങൾ ദുരിതമനുഭവിക്കുന്നവരോടൊപ്പമാണെന്ന് സിഇഒ പറഞ്ഞു. അപകടം നടന്ന ഉടനെ തന്നെ കാര്യക്ഷമമായി പ്രവർത്തിച്ച ക്രൂ അം​ഗങ്ങളെയും മറ്റ് വിമാനത്താവള ജീവനക്കാരെയും ഡെൽറ്റ സിഇഒ അഭിനന്ദിച്ചു.

News Malayalam 24x7
newsmalayalam.com