ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട മകള്‍, പ്രതിക്ക് ശിക്ഷ നല്‍കിയത് സ്വന്തം കൈ കൊണ്ട്? നിയമത്തിനും നീതിക്കുമിടയിലെ ശങ്കരനാരായണന്‍

നിയമത്തിനും നീതിക്കുമിടയില്‍ ശങ്കര നാരായണന് ജനപിന്തുണ ലഭിക്കാന്‍ കാരണമായതെന്തായിരുന്നു. എന്താണ് കൃഷ്ണപ്രിയ കേസ്?
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട മകള്‍, പ്രതിക്ക് ശിക്ഷ നല്‍കിയത് സ്വന്തം കൈ കൊണ്ട്? നിയമത്തിനും നീതിക്കുമിടയിലെ ശങ്കരനാരായണന്‍
Published on


24 വര്‍ഷങ്ങള്‍ക്ക് മുമ്പ് 13 കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട നിലയില്‍ വഴിയരികിലെ തോട്ടത്തില്‍ വെച്ച് കണ്ടെത്തിയെന്ന വാര്‍ത്ത കേട്ട് കേരളം നടുങ്ങി. കേസില്‍ അയല്‍വാസി അറസ്റ്റ് ചെയ്യപ്പെടുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി രണ്ട് ദിവസത്തിനകം കൊല്ലപ്പെടുന്നു. അതില്‍ പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റിലാക്കപ്പെടുന്നു. വെറുതെ വിടുന്നു. പിന്നീട് കേരളം ചര്‍ച്ച ചെയ്തത് ശങ്കര നാരായണനെക്കുറിച്ചാണ്. മകളുടെ മരണത്തില്‍ നീറി കാലം കഴിച്ച ശങ്കര നാരായണന്‍ ഇന്ന് അന്തരിച്ചു. നിയമത്തിനും നീതിക്കുമിടയില്‍ ശങ്കര നാരായണന് ജനപിന്തുണ ലഭിക്കാന്‍ കാരണമായതെന്തായിരുന്നു. എന്താണ് കൃഷ്ണപ്രിയ കേസ്?

2001 ഫെബ്രുവരി ഒന്‍പത്. എല്ലാ ദിവസത്തെയും പോലെ ഏഴാം ക്ലാസുകാരിയായ കൃഷ്ണപ്രിയ അന്ന് സ്‌കൂള്‍ വിട്ട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് പിതാവും നാട്ടുകാരും ചേര്‍ന്ന് കൃഷ്ണപ്രിയയെ തിരക്കിയിറങ്ങി. തിരച്ചിലിനൊടുവില്‍ വഴിയരികിലെ ഒരു തോട്ടത്തില്‍ നിന്നാണ് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടനിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ നന്നായി അറിയുന്ന ആരെങ്കിലും തന്നെയാകാം ക്രൂരതയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു. ഒടുവില്‍ സംശയത്തിന്റെ മുന അന്ന് പെണ്‍കുട്ടിയെ തിരയാന്‍ ഒപ്പമുണ്ടായിരുന്ന അയല്‍വാസിയായ 24 കാരനായ മുഹമ്മദ് കോയയിലേക്കെത്തി.

പക്ഷെ അപ്പോഴേക്കും മുഹമ്മദ് കോയ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ പോയിരുന്നു. നാട്ടിലെ ലഹരി അടക്കമുള്ള പല കേസുകളിലും പ്രതിയായിരുന്നു മുഹമ്മദ് കോയ. ഇത് തന്നെയാണ് അയാളിലേക്ക് സംശയം നീളാന്‍ പൊലീസിന് കാരണമായതും.

തിരച്ചിലിനൊടുവില്‍ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളില്‍ നിന്ന് കൃഷ്ണപ്രിയയുടെ ചില ആഭരണങ്ങളും പിടികൂടി. കേസില്‍ പ്രതിയെ ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ 2002ല്‍ പ്രതി ജാമ്യത്തിലിറങ്ങി. ജാമ്യത്തിലിറങ്ങിയ മുഹമ്മദ് കോയയുമായി ശങ്കര നാരായണന്‍ സംസാരിക്കുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്‌തെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. പ്രതിയുമായി ചങ്ങാത്തത്തിലായതില്‍ നാട്ടുകാരും അയല്‍വാസികളും ഞെട്ടി. എന്തിനാണ് ഇതെന്ന് ചോദിച്ചപ്പോള്‍ ശങ്കരനാരായണന്‍ പറഞ്ഞു മുഹമ്മദ് കോയ തെറ്റുകാരനല്ലെന്ന്. എന്നാല്‍ ഏറെ വൈകാതെ ആ നാട് കേട്ടത് ജാമ്യത്തിലിറങ്ങിയ മുഹമ്മദ് കോയയുടെ മരണവാര്‍ത്തയായിരുന്നു.

ജാമ്യത്തിലിറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ, കൃത്യമായി പറഞ്ഞാല്‍ 2002 ജൂലൈ 27ന് മുഹമ്മദ് കോയ വെടിയേറ്റ് കൊല്ലപ്പെട്ടു. അയാളുടെ മൃതദേഹം കണ്ടെടുത്തത് അടുത്തുള്ള ഒരു പൊട്ടക്കിണറ്റില്‍ നിന്നായിരുന്നു. പൊലീസ് ശങ്കര നാരായണനെ അറസ്റ്റു ചെയ്തു. ശങ്കരനാരായണന്‍ കുറ്റം ഏറ്റുപറഞ്ഞില്ല. എന്നാല്‍ മഞ്ചേരി സെഷന്‍സ് കോടതി അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രതിയെ കഠിന തടവിന് വിധിക്കുകയും ചെയ്തു. കേസില്‍ അപ്പീല്‍ പോയി. 2006 മെയ് മാസത്തില്‍ ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ ശങ്കര നാരായണനെ വെറുതെ വിട്ടു.

സ്ത്രീകളോട് അപമര്യാദയായി പെരുമാറുക, കുളിമുറികളിലടക്കം ഒളിഞ്ഞു നോക്കുക, ലഹരി ഉപയോഗം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ മുഹമ്മദ് കോയയ്ക്ക് ശങ്കരനാരായണന്‍ മാത്രമായിരിക്കില്ല ശത്രുവായി ഉണ്ടാവുക എന്ന അനുമാനത്തിലാണ് അന്ന് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com