
നവംബർ രണ്ടിന് നടക്കുന്ന യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി കമല ഹാരിസ് തന്നെ. വിജയമുറപ്പിക്കാൻ താൻ കഠിനാധ്വാനം ചെയ്യുമെന്നും, ഓരോ വോട്ടും സ്വന്തമാക്കുമെന്നും നിലവിലെ വൈസ് പ്രസിഡൻ്റ് കൂടിയായ കമല ഹാരിസ് അറിയിച്ചു. തങ്ങളുടെ ജനകീയ പ്രചാരണത്തിന് നവംബറിൽ വിജയം കാണുമെന്നും കമല ഹാരിസ് എക്സ് കുറിപ്പിലൂടെ അറിയിച്ചു.
കമല നവജാത ശിശുക്കളുടെ കൊലപാതകത്തിന് ആസൂത്രണം ചെയ്യുന്ന യഹൂദ വിരുദ്ധയാണെന്ന് ആരോപിച്ച് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സതേൺ ഫ്ലോറിഡയിലെ ഒരു മത റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിൻ്റെ വിവാദ പരാമർശം. ബുധനാഴ്ച നടന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യു.എസ് കോൺഗ്രസിൽ കമല പങ്കെടുക്കാത്തതിൻ്റെ കാരണം വിശദീകരിക്കുന്നതിനിടെയാണ് കമല യഹൂദ വിരുദ്ധയെന്ന ആരോപണം ട്രംപ് ഉന്നയിച്ചത്.
"അവർക്ക് ജൂതരെയോ ഇസ്രായേലിനെയോ ഇഷ്ടമല്ല. അതാണ് കോൺഗ്രസിൽ പങ്കെടുക്കാത്തതിൻ്റെ കാരണം. അത് മാറാൻ പോകുന്നില്ല." ട്രംപ് പറഞ്ഞു. കമല ഹാരിസ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അബോർഷന് അനുമതി നൽകുന്ന പുതിയ നിയമം നിലവിൽ വരുമെന്നും, അതോടെ ഗർഭാവസ്ഥയിലിരിക്കുന്ന കുഞ്ഞിനെ എട്ടാം മാസമോ, ഒൻപതാം മാസമോ, അല്ലെങ്കിൽ കുഞ്ഞിൻ്റെ ജനനശേഷമോ കൊലപ്പെടുത്താമെന്നും ട്രംപ് വിമർശിച്ചു.
യു. എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപിനെതിരെ വിധി തേടും എന്ന് കരുതിയിരുന്ന ജോ ബൈഡൻ, കഴിഞ്ഞ ആഴ്ചയാണ് പിന്മാറിയത്. 81കാരനായ ജോ ബൈഡൻ ആരോഗ്യ കാരണങ്ങളെ മുൻനിർത്തിയാണ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നതായി അറിയിച്ചത്. തുടർന്ന്, ബൈഡൻ കമല ഹാരിസിന് തൻ്റെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ പിന്മാറിയതോടെ പിന്നാലെ ഡെമോക്രാറ്റിക് പാർട്ടിയെയും ബൈഡനെയും ഡൊണാള്‍ഡ് ട്രംപ് കടന്നാക്രമിച്ചിരുന്നു. നവംബറിലെ തെരഞ്ഞെടുപ്പിൽ കമല ഹാരിസിനെ പരാജയപ്പെടുത്തുന്നത് ബൈഡനെ പരാജയപ്പെടുത്തുന്നതിനേക്കാൾ എളുപ്പമെന്നും ട്രംപ് പരിഹസിച്ചു. രണ്ടുപേരും തമ്മിൽ വലിയ വ്യതാസമൊന്നും ഇല്ലെന്നും താനാണ് പ്രസിഡന്റ് സ്ഥാനത്തിന് യോഗ്യനെന്നുമാണ് ട്രംപിൻ്റെ വാദം.