
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ഭീഷണി വ്യാപകമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ഞൂറിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഴ ശക്തമായിട്ടും കൃത്യമായി മാലിന്യം നീക്കം ചെയ്യാത്തതാണ് കൊതുകുകൾ പെരുകാൻ കാരണമാകുന്നുവെന്നാണ് ആക്ഷേപം.
സംസ്ഥാനത്ത് ഈ മാസം ഡെങ്കിപ്പനി ബാധിച്ചവരിൽ അഞ്ചിലൊന്നും എറണാകുളം ജില്ലയിലാണ്. ജൂലൈ ആദ്യ വാരം തന്നെ അഞ്ഞൂറിലധികം പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 65 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊച്ചി കോർപറേഷൻ മേഖലയിൽ തമ്മനം, വെണ്ണല, പൊന്നുരുന്നി, ചമ്പക്കര, ഇടക്കൊച്ചി, ഇടപ്പള്ളി, കടവന്ത്ര, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിലാണ് രോഗ ബാധിതരിലേറെയും.
അതേ സമയം, കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകളിൽ നിന്ന് സംസ്ഥാനത്ത് 242 ഡെങ്കിപ്പനി ഹോട്‌സ്പോട്ടുകളും 128 എലിപ്പനി ഹോട്സ്പോട്ടുകളും ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ 54 ഡെങ്കി ഹോട്സ്പോട്ടും എറണാകുളം ജില്ലയിലാണ്. ഈ മേഖലകളിലാണ് ഏറ്റവുമധികം ഡെങ്കി ബാധിതരുള്ളത്.
മഴ കനത്തതോടെ ജില്ലയിൽ മാലിന്യ നീക്കം കൃത്യമല്ലെന്നും ഈഡിസ് കൊതുകുകള്‍ പെറ്റുപെരുകുന്നതിനു ഇത് കാരണമാകുമെന്നും ആരോപണമുണ്ട്. പനി വ്യാപകമായതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു.