
കാസർഗോഡ് ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഈ മാസം മാത്രം 44 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എലിപ്പനി ബാധിതരുടെ എണ്ണത്തിലും വർധനവുണ്ടെന്നാണ് റിപ്പോർട്ട്.
മഴ മാറി നിന്നതോടെയാണ് പനി ബാധിതരുടെ എണ്ണത്തിലും വർധനവുണ്ടായത്. 44 പേർക്കാണ് 20 ദിവസത്തിനിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 90 പേർ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ജില്ലയിൽ ഈ വർഷം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 351 ആണ്. ലക്ഷണങ്ങളോടെ ചികിത്സ തേടിയതാകട്ടെ 1232 പേരും.
എലിപ്പനി ബാധിതരുടെ എണ്ണത്തിലും വലിയ വർധനവുണ്ട്. ഈ മാസം 4 പേർക്ക് രോഗം കണ്ടെത്തി. ഈ വർഷം ആകെ 26 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പന്ത്രണ്ടായിരത്തിലേറെ പേരാണ് പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്. ഈ വർഷത്തെ കണക്ക് പരിശോധിക്കുകയാണെങ്കിൽ അത് ഒന്നേകാൽ ലക്ഷത്തിന് മുകളിലാണ്. മഴക്കാല പൂർവ്വ ശുചീകരണവും മാലിന്യ സംസ്കരണവും കൃത്യമല്ലാത്തതാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.