സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി ജില്ലകൾ

കോഴിക്കോട് കുറ്റ്യാടി, എറണാംകുളം ജില്ലയിലെ കളമശ്ശേരി നഗരസഭകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ശുചീകരണ പ്രവർത്തനങ്ങൾ  ഊർജിതമാക്കി ജില്ലകൾ
Published on

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. ദിനം പ്രതി നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. കോഴിക്കോട് കുറ്റ്യാടി പ്രദേശത്തും എറണാംകുളം കളമശ്ശേരിയിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പനി വ്യാപകമാവുന്ന സാഹചര്യത്തിൽ ജില്ലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കളമശ്ശേരി നഗരസഭ ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് ഡെങ്കിപ്പനി വ്യാപനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കളമശ്ശേരി മുൻസിപ്പാലിറ്റി സൂപ്രണ്ട് അടക്കം 10 ഉദ്യോഗസ്ഥർക്ക് ഇതിനോടകം ഡെങ്കിപ്പനി പിടിപെട്ടിട്ടുണ്ട്. പനി ബാധിച്ചവരെല്ലാം ആരോഗ്യവകുപ്പിൻ്റെ നിരീക്ഷണത്തിലാണ്. നഗരസഭയിലെ പല വാർഡുകളിലും ഡെങ്കി കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജഗിരി,നോർത്ത് കളമശ്ശേരി, കണ്ണംകുളം,ഹിൽവാലി, ലൈബ്രറി,പള്ളിപ്പുറം,ഉണിച്ചിറ എന്നീ വാർഡുകളിലാണ് പനി പടർന്നുകൊണ്ടിരിക്കുന്നത്. കൂടുതൽ പേരിലേക്ക് പനി പടർന്നതോടെ നഗരസഭയിൽ ഊർജിത ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

കുറ്റ്യാടി താലൂക്കിൽ മാത്രം 12 പേരാണ് ഇതിനോടകം ചികിത്സ തേടിയെത്തിയത്. കുറ്റ്യാടി, മരുതോങ്കര, കാവിലുംപാറ, കായക്കൊടി തുടങ്ങിയ മലയോര പഞ്ചായത്തുകളിലാണ് ഡെങ്കിപനി വ്യാപിക്കുന്നത്. രോഗം പടരുന്ന പ്രദേശങ്ങളിൽ കൊതുകിനെ നശിപ്പിക്കാൻ നഗരസഭ ഫോഗിങ്ങ് നടത്തുന്നുണ്ട്. എന്നാൽ മരുന്ന് സർക്കാർ തലത്തിൽ കിട്ടാനില്ലെന്നാണ് റിപ്പോർട്ടുകൾ.

മഴക്കാലമെത്തിയതോടെ പകർച്ചവ്യാധികളും പടരുകയാണ്. കൊതുകുകൾ വഴിയാണ് പല പകർച്ചവ്യാധികളും പടരുന്നത്. ഈഡിസ് ഈജിപ്തി ഇനത്തിൽ പെട്ട കൊതുക് വഴിയാണ് ഡെങ്കിപ്പനിയുടെ വൈറസ് നമ്മുടെ ശരീരത്തിലെത്തുന്നത്.ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് താഴുന്നതോടെയാണ് ഡെങ്കിപ്പനി അപകടകരമാകുന്നത് . ഒരു പരിധി വിട്ട് പ്ലേറ്റലെറ്റ് കൗണ്ട് കുറയുന്നത് രോഗികള്‍ ഗുരുതരാവസ്ഥയിലാകുന്നതിന് കാരണമാകുന്നു.

ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ ഏറെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. അതിൽ പ്രധാനം കൊതുകുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ്. അതുകൊണ്ടുതന്നെ വീടിനകത്തും പരിസരങ്ങളിലും അനാവശ്യമായി വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്. ചെറിയ പനി വന്നാൽ പോലും ധാരാളം വെള്ളം കുടിക്കുന്നതും ഡെങ്കിയെ ചെറുക്കാൻ സഹായിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com