
സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൺ മാവുങ്കലിൻ്റെ കയ്യിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥൻ നിയമവിരുദ്ധമായി പണം വാങ്ങിയെന്ന് സ്ഥിരീകരിച്ച് ആഭ്യന്തര വകുപ്പ്. ഉദ്യോഗസ്ഥനെതിരെ സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച അച്ചടക്ക നടപടി ശരിയെന്ന് ആഭ്യന്തര വകുപ്പിൻ്റെ വിലയിരുത്തൽ. ഉദ്യോഗസ്ഥൻ്റേത് സ്വഭാവദൂഷ്യവും അച്ചടക്കലംഘനവുമാണെന്ന് ആഭ്യന്തര വകുപ്പ് കണ്ടെത്തി.
വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിൻ്റെ കയ്യിൽ നിന്ന് അഞ്ചു വർഷം മുൻപാണ് കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടറായിരുന്ന അനന്തലാൽ ഒരുലക്ഷം രൂപ കൈപ്പറ്റിയത്. ബാങ്ക് അക്കൗണ്ടിലൂടെയായിരുന്നു പണമിടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. പണം വാങ്ങിയതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ അനന്തലാൽ അനധികൃതമായി പണം വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഡിജിപി, അനന്തലാലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഇതിനെതിരെ അനന്തലാൽ നൽകിയ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ആഭ്യന്തരവകുപ്പ് നടപടി ശരിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
പൊലീസിൻ്റെ യശസ്സിന് കളങ്കം വരുത്തുന്ന നടപടിയാണ് ഇതെന്ന് അഭ്യന്തര വകുപ്പ് വിലയിരുത്തി. നിരന്തര സാമ്പത്തിക കുറ്റകൃത്യം ചെയ്യുന്ന ഒരു വ്യക്തി, പൊലീസ് ഉദ്യോഗസ്ഥന് ഇത്രയധികം പണം നൽകുന്നത് അദ്ദേഹത്തിൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യാനാണെന്ന നിഗമനത്തിലാണ് ആഭ്യന്തര വകുപ്പ്. സ്വകാര്യ വ്യക്തിയിൽ നിന്ന് പണം വാങ്ങിയത് നീതി നിർവഹണത്തിന് തടസമാണെന്നും വകുപ്പിൻ്റെ കണ്ടെത്തൽ.
മോൻസൺ മാവുങ്കാലിൻ്റെ പക്കൽ നിന്നും കടം വാങ്ങിയ പണമാണ് എന്നായിരുന്നു അനന്തലാലിൻ്റെ വാദം. എന്നാൽ മോൻസൻ്റെ വീടിരിക്കുന്ന സ്റ്റേഷൻ പരിധിയിൽ ജോലി ചെയ്തിട്ടില്ലാത്ത അനന്തലാൽ ഇത്രയധികം തുക കൈപ്പറ്റിയതാണ് സംശയത്തിന് ഇടയാക്കിയത്. അനന്തലാലിൻ്റെ മൂന്നുവർഷത്തെ വാർഷിക ശമ്പള വർദ്ധനവ് തടഞ്ഞുകൊണ്ടുള്ള അച്ചടക്കനടപടി നിലനിർത്തുന്നുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.