സംസ്ഥാനത്തെ റോഡുകളുടെ ദയനീയാവസ്ഥ; നിയമസഭയിൽ ചർച്ചയാക്കി പ്രതിപക്ഷം

കേരളത്തിലെ ഭൂരിപക്ഷം റോഡുകളും ഗതാഗത യോഗ്യമാണെന്ന് മന്ത്രി
സംസ്ഥാനത്തെ റോഡുകളുടെ ദയനീയാവസ്ഥ; നിയമസഭയിൽ ചർച്ചയാക്കി പ്രതിപക്ഷം
Published on

സംസ്ഥാനത്തെ റോഡുകളുടെ ദയനീയ അവസ്ഥ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സഭനിർത്തിവെച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവിശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയം സ്പീക്കർ തള്ളി. വെള്ളിയാഴ്ചകളിൽ അടിയന്തര പ്രമേയം ഒഴിവാക്കണമെന്നായിരുന്നു സ്‌പീക്കറുടെ ആവിശ്യം. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റ പണികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സർക്കാർ പരാജയപ്പെട്ടതും വിവിധ പദ്ധതികളുടെ ഭാഗമായി കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിൽ ആകാത്തതും കാരണം റോഡുകൾ ഗതാഗത യോഗ്യമല്ലാതാവുകയും അപകടങ്ങൾ വർധിക്കുകയും ചെയ്യുന്ന ഗുരുതര സാഹചര്യമാണ് സഭനിർത്തിവെച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷം ആവശ്യപ്പെട്ടത്.

തുടർന്ന് അടിയന്തര പ്രമേയത്തിന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകി. റോഡുകൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യമാണ് പിഡബ്ല്യൂഡിക്കുള്ളതെന്നും റോഡ് നിർമാണത്തിനൊപ്പം റോഡിൻറെ പരിപാലനത്തിനും മുൻഗണന നൽകുന്നുണ്ടെന്നും റിയാസ് പറഞ്ഞു. കേരളത്തിലെ ഭൂരിപക്ഷം റോഡുകളും ഗതാഗത യോഗ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാല്‍, മണിച്ചിത്രത്താഴ് സിനിമയില്‍ കുതിരവട്ടം പപ്പു ചെവിയില്‍ ചെമ്പരത്തി പൂ വെച്ച് ചാടി ചാടി പോകുന്നതുപോലെ പോകേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും നജീബ് കാന്തപുരം പരിഹസിച്ചു. യുദ്ധഭൂമിയിലൂടെ പോകുന്നത് പോലെയാണ് നടു റോഡിലൂടെ പോകേണ്ടിവരുന്നതെന്നും, റോഡിൽ വീണ് സ്ത്രീകൾക്ക് ഗർഭം പോലും അലസുന്നുവെന്നും ജനിക്കാതെ പോയ ആ കുഞ്ഞിന്‍റെ കാലനാണ് പൊതുമരാമത്ത് വകുപ്പെന്നും നജീബ് കാന്തപുരം തുറന്നടിച്ചു.

ഇതോടെ ഭരണപക്ഷ അംഗങ്ങള്‍ സഭയിൽ ബഹളം വെച്ചു. ഇതിനിടെയും നജീബ് കാന്തപുരം തൻറെ  പ്രസംഗം തുടര്‍ന്നു. കുഴിയില്ലാത്ത റോഡിലൂടെ പോകാൻ മുഖ്യമന്ത്രി 16 കിലോമീറ്റർ ചുറ്റിയെന്നും, സാധാരണക്കാർക്ക് ഇങ്ങനെ റൂട്ട് മാറാൻ പറ്റുമോയെന്നും നജീബ് കാന്തപുരം ചോദിച്ചു. തലസ്ഥാനത്തെ സ്മാർട്ട് റോഡിന് ഇപ്പോഴും ദുരവസ്ഥയാണെന്നും ഉദ്യോഗസ്ഥർ തമ്മിൽ പോരാണെന്നും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നും നജീബ് കാന്തപുരം ആരോപിച്ചു. ചില റോഡുകളിലൂടെ പോയാൽ അഡ്വഞ്ചർ പാർക്കിലൂടെ പോകും പോലെയാണെന്നും. ശാസ്ത്രീയമായി റോഡിലെ കുഴിയടക്കാൻ അറിയില്ലെന്നും നജീബ് കാന്തപുരം പറഞ്ഞു.

ഇതിനിടെ, നജീബ് കാന്തപുരത്തിന് കൂടുതല്‍ സമയം നല്‍കുന്നുവെന്ന ആരോപണവുമായി മന്ത്രി എം.ബി രാജേഷ് രംഗത്തെത്തി. സ്പീക്കര്‍ക്കെതിരെ മന്ത്രി വിമര്‍ശനം ഉന്നയിച്ചു. 16 മിനുട്ടാണ് നജീബ് കാന്തപുരത്തിന് സംസാരിക്കാൻ നല്‍കിയതെന്നും ഈ ഉദാരത മന്ത്രിമാരോടും കാണിക്കണമെന്നും എം.ബി രാജേഷ് സ്പീക്കറോട് പറഞ്ഞു . എന്നാല്‍, ഡിജിറ്റല്‍ ക്ലോക്കിലെ സമയം തെറ്റാണെന്നായിരുന്നു സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ മറുപടി. ഇതോടെ പ്രതിപക്ഷ നിരയില്‍ നിന്ന് പൊട്ടിച്ചിരി ഉയര്‍ന്നു. തുടര്‍ന്ന് സഭ നിര്‍ത്തി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി മറുപടി നല്‍കി. ഇന്ന് കേരളം യുഡിഎഫ് ആണ് ഭരിച്ചിരുന്നത് എങ്കിൽ ഇന്ന് കേരളവും ബിഹാറുമായി പാലം പൊളിയുന്നതിൽ ഒരു 20-20 മത്സരം നടന്നേനെയെന്ന് മന്ത്രി റിയാസ് പരിഹസിച്ചു. മന്ത്രി റിയാസിന്‍റെ മറുപടിക്കുശേഷം അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

തുടര്‍ന്ന്, ദേശീയ പാത 66ന്‍റെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ കേരളത്തിലെ ജനങ്ങള്‍ ഈ ദുരിതം മുഴുവൻ അനുഭവിക്കണോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം റോഡുകളാണ് കേരളത്തിലെന്നും മന്ത്രി റിയാസിന്‍റെ മറുപടി യാഥാര്‍ഥ്യവുമായി ബന്ധം ഇല്ലാത്തതെന്നും വി.ഡി സതീശൻ ആരോപിച്ചു. നജീബ് കാന്തപുരത്തെ വ്യക്തിപരമായി റിയാസ് ആക്ഷേപിച്ചുവെന്നും വിമർശനങ്ങളെ വ്യക്തിപരമായി എടുക്കേണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.വിഷയം അവതരിപ്പിച്ച നജീബ് കാന്തപുരത്തെ ഗംഗയെന്നും നാഗവല്ലി എന്നുമെല്ലാം റിയാസ് പരിഹസിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ മറുപടിക്ക് പിന്നാലെയാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com