ദു:ഖക്കടലായി സെഡ്‌നായ ജയിൽ; തടവിൽ കഴിഞ്ഞത് ഏഴായിരത്തോളം തടവുപുള്ളികളെന്ന് രേഖകൾ, ഉറ്റവരെ അന്വേഷിച്ച് കുടുംബങ്ങൾ

ആയിരക്കണക്കിന് പേരാണ് ഉറ്റവരെ തെരഞ്ഞ് ജയിലിലെത്തിയത്
ദു:ഖക്കടലായി സെഡ്‌നായ ജയിൽ; തടവിൽ കഴിഞ്ഞത് ഏഴായിരത്തോളം തടവുപുള്ളികളെന്ന് രേഖകൾ, ഉറ്റവരെ അന്വേഷിച്ച് കുടുംബങ്ങൾ
Published on

സിറിയയിൽ അസദ് ഭരണം അട്ടിമറിക്കപ്പെട്ടതോടെ ആയിരക്കണക്കിന് പേരാണ് അറവുശാലയെന്ന പേരിൽ കുപ്രസിദ്ധമായ സിറിയയിലെ സെഡ്‌നായ ജയിലിൽ നിന്നും മോചിപ്പിക്കപ്പെട്ടത്. എന്നാൽ, ഇവരെല്ലാം എവിടെപ്പോയെന്ന് അന്വേഷിച്ചിറങ്ങിയിരിക്കുകയാണ് ഇവരുടെ കുടുംബാംഗങ്ങൾ. ആയിരക്കണക്കിന് പേരാണ് ഉറ്റവരെ തിരഞ്ഞ് ജയിലിലെത്തിയത്.

വർഷങ്ങൾക്ക് മുമ്പ് ജയിലിലടക്കപ്പെട്ട സഹോദരനെ തേടി, ജയിലിലെത്തിയതാണ് 27കാരിയായ ഹാത്തെ അൽ തുർക്കിയും. "സെല്ലുകൾക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട പുതപ്പുകളും മറ്റും കാണുമ്പോൾ എൻ്റെ സഹോദരൻ്റെയാകുമോ എന്നാണ് ഞാൻ ആലോചിക്കുക. എങ്ങനെ എനിക്കത് മനസിലാക്കിയെടുക്കാനാകും എന്നറിയില്ല. പക്ഷേ ശുഭാപ്തി വിശ്വാസം കൈവിടാതെ സഹോദരനെ കണ്ടെത്താനുള്ള അശാന്ത പരിശ്രമത്തിലാണ്"- സെഡ്‌നായ ജയിലിലെത്തിയ ഹാത്തെ അൽ തുർക്കിയുടെ വാക്കുകളാണിത്. വർഷങ്ങൾക്ക് മുമ്പ് ജയിലിലടക്കപ്പെട്ട സഹോദരനെയും ബന്ധുക്കളെയും അന്വേഷിക്കുകയാണ് അവൾ.

"ജയിലിലെ ഏതെങ്കിലും സെല്ലിൽ ഉറ്റവരുണ്ടാകുമെന്ന പ്രതീക്ഷയിൽ കണ്ടെത്താനുള്ള ശ്രമം നടത്തുന്നു. കുടുംബത്തിലുള്ളവർക്ക് എന്ത് സംഭവിച്ചു എന്നറിയാതെ വീട്ടിലേക്ക് മടങ്ങാനാകില്ല" - യുവതി പറയുന്നു. ഇത്തരം ശുഭാപ്തി വിശ്വാസം വെച്ചുപുലർത്തുന്ന ആയിരക്കണക്കിന് പേരാണ് ജയിലിൽ ഇപ്പോൾ ബന്ധുക്കളെ തിരയുന്നത്. പലർക്കും അപ്രതീക്ഷിതമായ ആശ്വാസം പുതിയ ഭരണം തുറന്നിരിക്കുന്നു.

ഏഴായിരത്തോളം തടവുപുള്ളികൾ ഈ കുപ്രസിദ്ധ ജയിലിൽ ഉണ്ടെന്ന് വ്യക്തമാക്കുന്ന രേഖ ഇവർക്ക് ലഭിച്ചിരുന്നു. എന്നാൽ അത്രയും ആളുകൾ ജയിലിൽ നിന്നും മോചിപ്പിക്കപ്പെട്ടിട്ടില്ലെന്നും, ബാക്കിയുള്ള മനുഷ്യർക്ക് എന്ത് സംഭവിച്ചുവെന്നുമുള്ള ചോദ്യമാണ് ഉയരുന്നത്. സിറിയയിലെ ജയിലുകളിൽ കൂട്ട വധശിക്ഷകൾ നടന്നിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകളും 2017ൽ സെഡ്‌നായ ജയിലിന് സമീപം ശ്മശാനം കണ്ടെത്തിയെന്ന് അമേരിക്കയും വെളിപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com