'രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിക്കുന്ന സംഘടനയുടെ പണം ഉപയോ​ഗിച്ചു'; ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ ആരോപണവുമായി ഫഡ്നാവിസ്

ഇത് സംബന്ധിച്ചുള്ള തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
'രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിക്കുന്ന സംഘടനയുടെ പണം ഉപയോ​ഗിച്ചു'; ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ ആരോപണവുമായി ഫഡ്നാവിസ്
Published on: 
Updated on: 

മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിലെത്തിയ ശേഷമുള്ള ആദ്യ അഭിമുഖത്തിൽ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ഭാരത് ജോഡോ യാത്രയിൽ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിക്കുന്ന സംഘടനയുടെ വിദേശ പണം ഉപയോ​ഗിച്ചുവെന്നുമാണ് ആരോപണം. ഇത് സംബന്ധിച്ചുള്ള തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള സമീപകാല രാഷ്ട്രീയ സംഭവങ്ങളിലെ വിദേശ ഇടപെടലിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ്. അരാജക ശക്തികളെ കൂട്ടുപിടിച്ച് നടത്തിയ കോൺഗ്രസിൻ്റെ പ്രചരണം സംബന്ധിച്ചുള്ള തെളിവുകൾ ബിജെപി ഔദ്യോഗികമായി പുറത്തുവിടുമെന്നും ഫഡ്നാവിസ് അറിയിച്ചു.

ഭാരത് ജോഡോ യാത്രയ്ക്കായി 180 ഓർഗനൈസേഷനുകളിൽ നിന്ന് കോൺ​ഗ്രസ് പണം കൈപ്പറ്റി. മറ്റ് രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിക്കുന്ന സംഘടനകളാണ് ഇതിൽ ഭൂരിഭാ​ഗവും. അത്തരം സംഘടനകളെയും അവയുടെ പ്രവർത്തനങ്ങളെയും തുറന്നുകാട്ടുന്ന രേഖകൾ നിയമസഭയിൽ അവതരിപ്പിച്ച ശേഷം നടപടിയെടുക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു.

ശതകോടീശ്വരനായ ജോർജ് സോറോസുമായും ചില വിദേശ സ്ഥാപനങ്ങളുമായും കോൺ​ഗ്രസിന് ബന്ധമുണ്ടെന്ന് ബിജെപി എംപി സംബിത് പത്ര ആരോപിച്ചതിന് പിന്നാലെയാണ് ഫഡ്നാവിസിൻ്റെ പരാമർശം. സോറോസും രാഹുൽ ​ഗാന്ധിയും വാർത്താ പോർട്ടലായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ്ങ് പ്രോജക്റ്റും ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന അപകടകരമായ ത്രികോണ കൂട്ടുക്കെട്ടെന്നായിരുന്നു പത്രയുടെ ആരോപണം. രാഹുല്‍ ഗാന്ധി രാജ്യദ്രോഹി ആണെന്ന ബിജെപി എംപിയുടെ പരാമർശം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

News Malayalam 24x7
newsmalayalam.com