
സംസ്ഥാനത്ത് ഗുണ്ടാ പ്രവർത്തനം ശക്തിപ്പെടുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി. വിഷയം കണ്ടില്ലെന്നു നടിക്കാനാകില്ലെന്ന് ക്രൈം റിവ്യൂ മീറ്റിങ്ങിൽ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് പറഞ്ഞു. ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ കാപ്പ നിയമം ഫലപ്രദമായി ഉപയോഗിക്കണം. പൊലീസില്‍ ഗുണ്ടകളെ സഹായിക്കുന്നവരുണ്ടെകിൽ മുളയിലേ നുള്ളണമെന്നും ഡിജിപി പറഞ്ഞു.
കുടുംബ തര്‍ക്കങ്ങൾ കൊലപാതകങ്ങളിലും കൂട്ടആത്മഹത്യകളിലും എത്തുന്ന പ്രവണത കൂടുന്നതിനാൽ, ഇത്തരം കേസുകളില്‍ തുടക്കത്തില്‍തന്നെ ശാസ്ത്രീയ അന്വേഷണം നടത്തണം. മതസൗഹാര്‍ദം തകര്‍ക്കുന്ന സംഭവങ്ങളിൽ മുഖം നോക്കാതെ നടപടിയെടുക്കണം. സൈബര്‍ കുറ്റകൃത്യങ്ങളിൽ ശിക്ഷിപ്പെടാത്ത കേസുകൾ ജില്ലാ പോലീസ് മേധാവികള്‍ പ്രത്യേകം പരിശോധിക്കണമെന്നും ഡിജിപി പറഞ്ഞു.
മയക്കുമരുന്ന് കേസുകളില്‍ ആദ്യ പത്തുദിവസത്തെ അന്വേഷണം നിര്‍ണായകമാണെന്ന് തിരിച്ചറിഞ്ഞു നടപടി സ്വീകരിക്കണമെന്നും ഡിജിപി നിർദേശം നൽകി.വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരിയുടെ കേന്ദ്രമാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. കുറ്റകൃത്യങ്ങളുടെയും തുടര്‍നടപടികളുടെയും അവലോകന യോഗത്തിലാണ് ഡിജിപിയുടെ നിർദേശം