
എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹെബ് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോർട്ട് ലഭിച്ച ഉടൻ ക്രമസമാധാന ചുമതലയിൽ നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റാനാണ് നീക്കം. ഫയർഫോഴ്സിലേക്കോ ജയിൽ വകുപ്പിലേക്കോ മാറ്റാനാണ് ആലോചന.
ബുധനാഴ്ച വൈകീട്ടോടെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദർവേഷ് സാഹെബിൻ്റെ നീക്കം. എന്നാൽ സമയം വൈകിയതോടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. റിപ്പോർട്ട് ലഭിച്ചാൽ ഞായറാഴ്ചക്കുള്ളിൽ എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്നാണ് സൂചന. ഫയർഫോഴ്സ് മേധാവിയായോ, ജയിൽ മേധാവിയായോ ആയി നിയമിക്കാനാണ് നീക്കം.
പി. വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്കപ്പുറം തൃശൂർ പൂര വിവാദവും ആർഎസ്എസ് കൂടിക്കാഴ്ചയുമാണ് അജിത് കുമാറിന് വിനയായത്. ആർഎസ്എസ് കൂടിക്കാഴ്ചയിൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാടാണ് നിർണായകമായതെങ്കിൽ, പൂര വിവാദത്തിൽ ഡിജിപിയുടെ റിപ്പോർട്ടാണ് അജിത് കുമാറിനെ മാറ്റുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. അജിത് കുമാറിൻ്റെ വീഴ്ചകൾ എണ്ണിപ്പറയുന്ന ഡിജിപിയുടെ റിപ്പോർട്ട് അവഗണിച്ചാൽ നാളെ കോടതികളിൽ ചോദ്യംചെയ്യപ്പെടുമെന്ന തിരിച്ചറിവും മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റുന്നതിന് കാരണമായി. ഒരർഥത്തിൽ പൊലീസ് തലപ്പത്തെ പടലപ്പിണക്കമാണ് അജിത് കുമാറിൻ്റെ കസേര തെറിപ്പിക്കുന്നത്.
ഒപ്പം കേന്ദ്രസർക്കാരിനെ പോലും നിയന്ത്രിക്കുന്ന ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ അഖിലേന്ത്യ സർവീസിലുള്ള ഒരു ഉദ്യോഗസ്ഥനെതിരെ നടപടി എടുത്താൽ അതും സർക്കാരിന് വിനയാകും. ഇക്കാര്യം കൂടി പരിഗണിച്ചാണ് റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രം നടപടി എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.