
ഐഐടി ഉൾപ്പെടെ മത്സര പരീക്ഷകൾക്ക് തയ്യാറാക്കുന്നതിന് കോച്ചിംഗ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന കേസിൽ വിദ്യാർത്ഥിനിക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. പെരുമ്പാവൂർ സ്വദേശിനിയായ നന്ദന എസ്. കർത്ത എന്ന വിദ്യാർത്ഥിനിയാണ് എറണാകുളത്ത് പ്രവർത്തിക്കുന്ന എഫ്ഐഐടി ജെഇഇ ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 16 വയസ് പ്രായമുള്ള കുട്ടിക്ക് വേണ്ടി പിതാവ് കെ. ശ്രീകുമാർ ആണ് പരാതി സമർപ്പിച്ചത്.
എതിർകക്ഷി നടത്തിയ മത്സര പരീക്ഷയിൽ വിജയിയായ വിദ്യാർത്ഥിനിക്ക് ഐഐടിയുടേതുൾപ്പെടെ പരീക്ഷകൾക്ക് ട്രെയിനിങ് നൽകുന്നതിന് തയ്യാറാണെന്ന് അറിയിച്ചു. അത് പ്രകാരം, 2018 മെയ് ആറിന് കൊച്ചി കേന്ദ്രത്തിൽ ആരംഭിക്കുന്ന കോഴ്‌സ് അഡ്‌മിഷൻ വാഗ്‌ദാനം ചെയ്യുകയും ചെയ്തു. എതിർകക്ഷികളുടെ വാഗ്‌ദാനത്തിൽ 1,53,784 രൂപ ഫീസ് ആയി നൽകുകയും, ബാക്കി തുകയായ 1,71,095 രൂപയുടെ ചെക്കും നൽകി.
എന്നാൽ, എതിർകക്ഷികൾ വാഗ്ദാനം ചെയ്തപോലെ കോഴ്സുകൾ ആരംഭിച്ചില്ല. കോഴ്‌സ് യഥാസമയം തുടങ്ങാത്ത സാഹചര്യത്തിൽ വിദ്യാർത്ഥിനിയുടെ പിതാവ് പല തവണ സ്ഥാപനത്തിൽ ചെന്നു. അപ്പോഴും വാഗ്ദാനം ചെയ്തതല്ലാതെ ക്ലാസുകൾ ആരംഭിച്ചില്ല. തുടർന്ന് മറ്റൊരു സ്ഥാപനത്തിൽ കുട്ടിയെ ചേർത്തു. കോഴ്സിൽ ചേരാൻ കഴിയാതിരുന്നത് മൂലം ധനനഷ്ടവും മനക്ലേശവും ഏറെ അനുഭവിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്.
ഫീസ് തിരിച്ചു നൽകില്ല എന്ന നിബന്ധന അംഗീകരിച്ചതിനുശേഷമാണ് പരാതിക്കാർ കോഴ്സിന് ചേർന്നതെന്ന് എതിർകക്ഷികൾ ബോധിപ്പിച്ചു. പല ഇളവുകളും തങ്ങൾ നൽകാമെന്നും, പകരം പഠനസൗകര്യം ഏർപ്പെടുത്താമെന്നും വാഗ്ദാനം ചെയ്തുവെങ്കിലും അത് പരാതിക്കാർ സ്വീകരിച്ചില്ലെന്ന് എതിർകക്ഷികൾ ബോധിപ്പിച്ചു. 16 വയസ്സുള്ള ഒരു വിദ്യാർത്ഥിനിയുടെ പ്രതീക്ഷകൾ തകർക്കുന്ന തരത്തിലാണ് എതിർകക്ഷികളുടെ വാഗ്ദാന ലംഘനം ഉണ്ടായതെന്ന് കോടതി വിലയിരുത്തി. ക്ലാസുകൾ യഥാസമയം ആരംഭിക്കാത്തത് മൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാത്രമല്ല, ഏറെ മന:ക്ലേശവും ആ കുടുംബം അനുഭവിച്ചുവെന്നത് വ്യക്തമാണെന്ന് ഡി. ബി. ബിനു പ്രസിഡണ്ടും വി. രാമചന്ദ്രൻ, ടി. എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു.
എതിർകക്ഷികളുടെ സേവനത്തിൽ ന്യൂനതയും അധാർമികമായ വ്യാപാരരീതിയും തെളിയിക്കപ്പെട്ട സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുക മാത്രമാണ് അഭികാമ്യമെന്ന് കോടതി കണ്ടെത്തി. അതിന്, 1,53,784 രൂപയോടൊപ്പം, 30,000 രൂപ നഷ്ടപരിഹാരവും, 15,000 രൂപ കോടതി ചെലവും ഉൾപ്പെടെ 30 ദിവസത്തിനകം എതിർകക്ഷികൾ പരാതിക്കാർക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു. പരാതിക്കാർക്ക് വേണ്ടി അഡ്വ.എം.വി .ബിപിൻ ഹാജരായി