എഡിഎമ്മിന്റെ മരണം: ദിവ്യയുടെ വാദം തള്ളി കണ്ണൂര്‍ ജില്ലാ കളക്ടര്‍; പരിപാടിക്ക് ക്ഷണിച്ചിരുന്നില്ല

പരിപാടിയുടെ സംഘാടകന്‍ താനായിരുന്നില്ലെന്നും അരുൺ കെ. വിജയൻ
എഡിഎമ്മിന്റെ മരണം: ദിവ്യയുടെ വാദം തള്ളി കണ്ണൂര്‍ ജില്ലാ കളക്ടര്‍; പരിപാടിക്ക് ക്ഷണിച്ചിരുന്നില്ല
Published on
Updated on

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വാദം തള്ളി കളക്ടര്‍ അരുണ്‍ കെ. വിജയന്‍. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് കളക്ടര്‍ ക്ഷണിച്ചുവെന്നായിരുന്നു ദിവ്യ പറഞ്ഞത്. എന്നാല്‍, ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. പരിപാടിയുടെ സംഘാടകന്‍ താനല്ലായിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പറയാനാവില്ലെന്നും അരുണ്‍ കെ. വിജയന്‍ പ്രതികരിച്ചു. എഡിഎമ്മിന്റെ മരണത്തില്‍ ജില്ലാ കളക്ടര്‍ ഉടന്‍ മൊഴി നല്‍കും.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് പി.പി. ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജില്ലാ കളക്ടറാണ് തന്നെ യാത്രയയപ്പ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്നായിരുന്നു ദിവ്യയുടെ വാദം. യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കലക്ടര്‍ ശ്രുതിയാണെന്നും ജാമ്യഹര്‍ജിയില്‍ ദിവ്യ പറഞ്ഞിരുന്നു.


സദുദ്ദേശ്യത്തോടെയാണ് യാത്രയയപ്പില്‍ സംസാരിച്ചത്. ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള ഒരു പ്രേരണയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. അഴിമതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരിക മാത്രമാണ് ചെയ്തതെന്നും ഹര്‍ജിയില്‍ ദിവ്യ പറയുന്നു.

അതേസമയം, ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കില്ല. സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കാനാണ് സാധ്യത.


ഇതിനിടയില്‍, അരുണ്‍ കെ. വിജയനെതിരെ എഡിഎം ഓഫീസ് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയതായും സൂചനയുണ്ട്. ദിവ്യയുടെ സംസാരം കളക്ടര്‍ തടഞ്ഞില്ലെന്ന് ജീവനക്കാരില്‍ ചിലര്‍ പറഞ്ഞതായാണ് സൂചന.

നവീന്‍ ബാബുവിന്റെ കുടുംബത്തോട് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ മാപ്പ് പറഞ്ഞിരുന്നു. കത്തിലൂടെയായിരുന്നു കളക്ടര്‍ ഖേദപ്രകടനം നടത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com