
ദിശ സാലിയൻ്റെ മരണത്തിൽ ശിവസേന എംഎൽഎ ആദിത്യ താക്കറെയ്‌ക്കെതിരെ ആരോപണമുയർന്നതിൽ മഹായുതി സഖ്യത്തിൽ അഭിപ്രായഭിന്നത.കഴിഞ്ഞ ദിവസമാണ് നടൻ സുശാന്ത് സിങ് രാജ്‌പുത്തിൻ്റെ മരണത്തിൽ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യക്കെതിരെ ആരോപണമുയർന്നത്.
ആദിത്യയുടെ പങ്ക് അന്വേഷണസംഘവും കോടതിയും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഫഡ്നവിസ് വ്യക്തമാക്കിയപ്പോൾ കേസിന് രാഷ്ട്രീയ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് ഷിൻഡെ പക്ഷം നേതാവ് സഞ്ജയ് ഗെയ്ക് വാദ് പ്രതികരിച്ചു. നേതാക്കളെ അനാവശ്യമായി ഇത്തരം കേസുകളിൽ വലിച്ചിഴക്കുന്നതിനോട് യോജിപ്പില്ലെന്ന് ബിജെപി നേതാവും മുൻ മന്ത്രിയുമായ സുധീർ മംഗൻത്തിവാറും വ്യക്തമാക്കിയതോടെയാണ് സഖ്യത്തിലെ അഭിപ്രായ ഭിന്നത പുറത്തുവന്നത്.
ദിശ സാലിയൻ്റെ മരണത്തിൽ പുനരന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടതോടെ കേസ് മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഗൂഢാലോചനയിൽ ഉദ്ധവ് താക്കറെയുടെ മകനും എംഎൽഎയുമായ ആദിത്യ താക്കറെക്ക് പങ്കുണ്ടെന്നുമാണ് ദിശയുടെ കുടുംബം ഉന്നയിക്കുന്ന പ്രധാന ആരോപണം. കേസിൽ ആദിത്യയുടെ പങ്ക് പുറത്തു കൊണ്ടുവരണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ദിശയുടെ പിതാവ് ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
2020 ജൂണിലാണ് ഫ്ലാറ്റിൽ നിന്ന് വീണുമരിച്ച നിലയില്‍ ദിശയെ കണ്ടെത്തിയത്. എന്നാൽ ദിശ കൂട്ട ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടെന്നും മകളെ കൊല ചെയ്തതാണ് എന്നുമാണ് പിതാവിൻ്റെ പരാതി.ഈ കേസിലാണിപ്പോൾ മഹായുതി സഖ്യനേതാക്കൾ തന്നെ രണ്ടഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.
എന്നാൽ നാഗ്പുരിൽ വർഗീയ കലാപശ്രമം നടത്തിയ ബിജെപി, ഔറംഗസേബ് വിഷയത്തിൽ എതിർപ്പ് നേരിട്ടതോടെ ശ്രദ്ധ തിരിച്ചുവിടാൻ പഴയ കേസ് കുത്തിപ്പൊക്കുന്നു എന്നതാണ് ശിവസേന ഉദ്ധവ് പക്ഷത്തിൻ്റെ ആരോപണം. ബിജെപി രാഷ്ട്രീയ വൈരാഗ്യം കാണിക്കേണ്ടത് ഇത്രയും വൃത്തികെട്ട രീതിയിൽ ആവരുതെന്നും നേതാക്കൾ പറഞ്ഞു.ആദിത്യ താക്കറെയെ രാഷ്ട്രീയമായി നശിപ്പിക്കാനും വ്യക്തിഹത്യ നടത്തി അപമാനിക്കാനുമുള്ള നീക്കമാണിതെന്നും ശിവസേന ഉദ്ധവ് പക്ഷം നേതാക്കൾ പ്രതികരിച്ചു.