
മണിയാർ ജലവൈദ്യുതി പദ്ധതി കരാർ നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പും വൈദ്യുത വകുപ്പിലും ഭിന്നത. കരാർ നീട്ടി നൽകേണ്ടതില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കരാർ അവസാനിപ്പിക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം. എന്നാൽ വ്യാവസായിക വികസനത്തിന് കരാർ തുടരണമെന്നാണ് വ്യവസായവകുപ്പിന്റെ നിലപാട്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
വൈദ്യുതി ചാർജ് ഇനി കൂട്ടേണ്ടിവരില്ലെന്നും മന്ത്രി വ്യക്തമാക്കി. ദീർഘകാല കരാർ റദ്ദാക്കിയത് പുനഃസ്ഥാപിക്കാൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിധി പ്രതികൂലമെങ്കിൽ മാത്രമേ ചാർജ് വർധനവിനെ കുറിച്ച് ആലോചിക്കേണ്ടി വരികയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മണിയാർ ജലവൈദ്യുതി പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല കത്ത് നൽകി. വിഷയത്തിൽ കർശനവും വേഗത്തിലുമുള്ള നടപടി ഉണ്ടാകണമെന്നും കത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജനങ്ങളോടും വരാനിരിക്കുന്ന തലമുറയോടും സംസ്ഥാന സർക്കാർ കാണിക്കുന്ന വഞ്ചനയായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
പദ്ധതിയുടെ ബിഒടി കരാർ നീട്ടി നൽകാനുള്ള സർക്കാർ തീരുമാനത്തിന് പിന്നിൽ അഴിമതിയുണ്ട്. യൂണിറ്റിന് വെറും 50 പൈസ നിരക്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന നിലയമാണ് ലാഭം നോക്കി സ്വകാര്യ കമ്പനിക്ക് എഴുതിക്കൊടുക്കാൻ ഒരുങ്ങന്നത്. സ്വകാര്യ കമ്പനിക്ക് കരാർ നീട്ടി നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.