സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അപേക്ഷ ക്ഷണിക്കാൻ "ഡിജിറ്റൽ ഗ്രാമം" ഓൺലൈൻ പോർട്ടൽ

ഗ്രാസ് റൂട്ട് ഇംപാക്ട് ഫൗണ്ടേഷൻ എന്ന കമ്പനിക്കും പദ്ധതിയിൽ പങ്കുണ്ടെന്ന വിവരവും അന്വേഷണ സദഘം സ്ഥിരീകരിച്ചിട്ടുണ്ട്
സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അപേക്ഷ ക്ഷണിക്കാൻ "ഡിജിറ്റൽ ഗ്രാമം" ഓൺലൈൻ പോർട്ടൽ
Published on

സിഎസ്ആർ ഫണ്ട് തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വാഹനങ്ങൾക്കായുള്ള അപേക്ഷ സ്വീകരിക്കാൻ ഡിജിറ്റൽ ഗ്രാമം എന്ന പേരിൽ ഓൺലൈൻ പോർട്ടൽ തയ്യാറാക്കിയതായി കണ്ടെത്തി. സീഡിന് പുറമേ മറ്റ് കമ്പനികളും പോർട്ടലിൻ്റെ ഭാഗമായിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഗ്രാസ് റൂട്ട് ഇംപാക്ട് ഫൗണ്ടേഷൻ എന്ന കമ്പനിക്കും പദ്ധതിയിൽ പങ്കുണ്ടെന്ന വിവരവും അന്വേഷണ സഘം സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെ പല പ്രമോട്ടർമാരും ഇതിൽ നിന്നും പിന്മാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. കണ്ണൂരിൽ നിന്നും 700 കോടിയിലേറെ രൂപ തട്ടിയെടുത്തുവെന്നും രണ്ടായിരത്തിലേറെ പരാതിക്കാരുണ്ടെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു.



പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കും എന്ന വാഗ്ദാനം കേട്ട് അപേക്ഷ സമർപ്പിക്കുന്നവർക്ക് കേന്ദ്രസർക്കാരിൻ്റെ പദ്ധതിയാണ് ഇതെന്ന് വ്യക്തമാക്കി കൊണ്ടുള്ള സന്ദേശങ്ങൾ മറുപടിയായി ലഭിച്ചിരുന്നു. ഇത് പദ്ധതിയുടെ വിശ്വാസ്യത വർധിപ്പിച്ചു. ഈ വിശ്വാസ്യത മുതലെടുത്താണ് ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവർ ആളുകളെ ഉപയോഗപ്പെടുത്തിയത്. ആളുകളുമായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി മാത്രമാണ് ആശയവിനിമയം നടത്തിയത്. സർദാർ പട്ടേലിൻ്റെ പേരിലുള്ള ഒരു ഇൻസ്റ്റിറ്റ്യൂറ്റുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സംഘാടകർ പറഞ്ഞതോടുകൂടി ആളുകളുടെ വിശ്വാസ്യത പിടിച്ചുപറ്റി.

ആദ്യം 2000 രൂപയുടെ സാധനങ്ങൾ ഉൾക്കൊള്ളുന്ന ഓണക്കിറ്റ്, രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് 1000 രൂപയ്ക്ക് നൽകിയാണ് പദ്ധതി ആരംഭിച്ചത്. ഇതിനു പിന്നാലെ സ്കൂൾ കിറ്റുകളുമായാണ് തട്ടിപ്പ് സംഘം ഉപഭോക്താക്കളെ സമീപിച്ചത്. 5000 രൂപ വിലയുള്ള സാധനങ്ങൾ 3000 രൂപയ്ക്ക് നൽകി. ഇതിന് പിന്നാലെ തയ്യൽ മെഷീൻ, ലാപ്ടോപ്പ്, തുടങ്ങിയവയും വിതരണം ചെയ്തു.


സിഎസ്ആര്‍ ഫണ്ട് തട്ടിപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പിൻ്റെ ചുരുളഴിയുന്നത്. പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കും എന്നായിരുന്നു പ്രധാന വാഗ്ദാനം. വിമന്‍ ഓണ്‍ വീല്‍സ് എന്നായിരുന്നു തട്ടിപ്പ് പദ്ധതിക്കിട്ട പേര്. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനും സംഘവും ആയിരം കോടിയിലധികം രൂപയാണ് കബളിപ്പിച്ചുകൊണ്ടുപോയത്.


എൻജിഒകളുടെ മറവിലാണ് തട്ടിപ്പ് നടന്നതെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പ് വിവരം പുറത്തുവരുന്നതോടെ കേരളത്തിലുടനീളമുള്ള ജില്ലകളിൽ നിന്ന് നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. തട്ടിപ്പ് നടത്താനായി പ്രതി അനന്തു കൃഷ്ണൻ 2500ഓളം എൻജിഒകൾ രൂപീകരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നാഷണൽ എൻജിഒ പ്രോജക്ട് കൺസൾട്ടിങ് ഏജൻസി എന്ന പേരിൽ ട്രസ്റ്റ് കീഴിലായിരുന്നു പ്രവർത്തനം നടത്തിയത്.  ട്രസ്റ്റിൽ 5 അംഗങ്ങളാണ് ഉണ്ടായിരുന്നത്. തട്ടിപ്പിനായി പ്രധാനമായും നാല് അക്കൗണ്ടുകളാണ് ഉപയോഗിച്ചിരുന്നത്. അക്കൗണ്ടുകളിലേക്ക് 500 കോടി രൂപ എത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com