ദിലീപിൻ്റെ ശബരിമല വിഐപി ദർശനം: ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

സംഭവത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്ക് നോട്ടീസ് നൽകി
ദിലീപിൻ്റെ ശബരിമല വിഐപി ദർശനം: ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
Published on

നടൻ ദിലീപിന്റെയും സംഘത്തിൻ്റെയും വിഐപി ശബരിമല ദർശനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്. സംഭവത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്ക് നോട്ടീസ് നൽകി. വിശദീകരണം കേട്ട ശേഷം തുടർനടപടികൾ സ്വീകരിക്കും. ദിലീപിൻ്റെയും സംഘത്തിൻ്റെയും ദർശനം കാരണം കുറച്ച് നേരത്തേക്ക് മറ്റ് ഭക്തരുടെ ദർശനം തടസപ്പെട്ടുവെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ദർശനം തടസപ്പെട്ടത് തെറ്റാണെന്നും, ദിലീപിന് മുറി അനുവദിച്ചതിൽ ക്രമക്കേടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് പറഞ്ഞു. സുനിൽകുമാറിൻ്റെ സഹോദരൻ്റെ പേരിൽ ഡോണർ ഹൗസിൽ മുറി ഉണ്ട്, അവിടെയാണ് അദ്ദേഹം തങ്ങിയതെന്നും കോടതി പരാമർശത്തിന് പിന്നാലെ സുനിൽ കുമാർ മലയിറങ്ങിയെന്നും വ്യക്തമാക്കി.

ദിലീപിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. ഭക്തരെ തടഞ്ഞു നിർത്തിയ സംഭവത്തിലാണ് വിശദീകരണം തേടിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിൽ ദിവസേന പതിനായിര കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തുന്നത്. കാടും മലയും താണ്ടി അയ്യനെ കാണാൻ വരുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനം ഒരുക്കുക എന്നത് തങ്ങളെ സംബന്ധിച്ച് പരമപ്രധാനമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പറയുന്നു.

എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങളും സമാധാനത്തോടെ ഉള്ള ദർശനവും ഒരുക്കുന്നതിന് ബോർഡ് പ്രതിജ്ഞാബദ്ധമാണ്. ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള മുൻകരുതലുകൾ കൈക്കൊള്ളുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ബോർഡ് മുന്നറിയിപ്പ് നൽകി.

അതേസമയം, വിഷയത്തിൽ ശബരിമലയിലെ സിസിടിവി ദ്യശ്യങ്ങൾ പരിശോധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭക്തർക്ക് കടന്നുപോകാൻ സാധിക്കാത്ത തരത്തിലാണ് ദിലീപും സംഘവും നിന്നത്. ഇത്തരം കാര്യങ്ങളിൽ ദേവസ്വം ബോർഡിന് ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. സോപാനം സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട് തിങ്കളാഴ്ച ഹാജരാക്കാനും കോടതി നിർദേശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com