
നടന്‍ മോഹന്‍രാജിന്‍റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് സംവിധായകന്‍ സിബി മലയില്‍. 1989-ല്‍ പുറത്തിറങ്ങിയ കിരീടത്തിലെ പ്രതിനായക വേഷമായ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് പില്‍ക്കാലത്ത് അദ്ദേഹം അറിയപ്പെട്ടത്. മോഹന്‍രാജിന്‍റെ വിയോഗം വ്യക്തിപരമായി വലിയ നഷ്ടവും ദുഃഖകരവുമാണെന്ന് സിബി മലയില്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
'കിരീടമാണ് മോഹന്‍രാജിനെ കീരിക്കാടന്‍ ജോസ് ആക്കിയത്. രൂപം കൊണ്ട് ഒരു വില്ലന്‍ പരിവേഷമാണ് തോന്നിയിരുന്നതെങ്കിലും ആളൊരു ശുദ്ധനായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം ഏറെ ദുഖഃകരമാണ്.
കിരീടത്തിലെ കീരിക്കാടന്‍ ജോസിനെ അവതരിപ്പിക്കാന്‍ ഒരു പുതിയ അഭിനേതാവിനെയായിരുന്നു അന്വേഷിച്ചിരുന്നത്. യാദൃച്ഛികമായാണ് മോഹന്‍രാജ് മുന്നിലെത്തിയത്. മുഖാമുഖമുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ കഥാപാത്രമായി അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നു. മോഹന്‍ലാലിനെ പോലെ ഒരു നായകന്‍റെ എതിരാളിയായി അത്രത്തോളം ശക്തനായ ഒരാള്‍ തന്നെ വേണമായിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ ജോസ് എത്ര വലിയ വില്ലനാണെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. സിനിമ ഇറങ്ങിയ ശേഷം ആ കഥാപാത്രം മോഹന്‍രാജിനെ ശ്രദ്ധേയനാക്കിയതില്‍ അഭിമാനമുണ്ട് ' - സിബി മലയില്‍ പറഞ്ഞു.
പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ആയുര്‍വേദ ചികിത്സക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുന്‍പാണ് തിരുവനന്തപുരത്ത് എത്തിയത്.
1988-ല്‍ പുറത്തിറങ്ങിയ മൂന്നാംമുറയാണ് ആദ്യ സിനിമ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. മമ്മൂട്ടി ചിത്രം റോഷാക്ക് ആയിരുന്നു അവസാന സിനിമ.
കിരീടം, ചെങ്കോൽ, വ്യൂഹം, അതിരഥൻ, ഒളിയമ്പുകൾ, കനൽക്കാറ്റ്, ഉപ്പുകണ്ടം ബ്രദേഴ്സ്, കാസർഗോഡ് കാദർഭായ്, രജപുത്രൻ, ഹിറ്റ്ലർ, ആറാം തമ്പുരാൻ, ഗുരു, നരസിംഹം, ഷാർജ ടു ഷാർജ, ബെൻ ജോൺസൺ, മായാവി,ഹൈവേ പൊലീസ് തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.