ബി.ഉണ്ണികൃഷ്ണനെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണം; വിനയന്‍ ഹൈക്കോടതിയില്‍

തൊഴിൽ നിഷേധത്തിനെതിരായ തന്‍റെ പരാതിയെ തുടർന്ന് പിഴയൊടുക്കിയ വ്യക്തിയാണ് ഉണ്ണിക്യഷ്ണനെന്നും അതിനാൽ സർക്കാരിന്‍റെ സിനിമ നയ രൂപീകരണ സമതിയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ആവശ്യം
ബി.ഉണ്ണികൃഷ്ണനെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണം; വിനയന്‍ ഹൈക്കോടതിയില്‍
Published on

ഫെഫ്ക ജനറല്‍ സെക്രട്ടറി സംവിധായകന്‍ ബി. ഉണ്ണിക്യഷ്ണനെ സിനിമ നയ രൂപീകരണ സമിതി അംഗമാക്കിയതിനെതിരെ സംവിധായകൻ വിനയൻ ഹൈക്കോടതിയെ സമീപിച്ചു. തൊഴിൽ നിഷേധത്തിനെതിരായ തന്‍റെ പരാതിയെ തുടർന്ന് പിഴയൊടുക്കിയ വ്യക്തിയാണ് ഉണ്ണികൃഷ്ണനെന്നും അതിനാൽ സർക്കാരിന്‍റെ സിനിമ നയ രൂപീകരണ സമതിയിൽ നിന്ന് ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്നുമാണ് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 137 മുതല്‍ 141 വരെയുള്ള പേജുകളില്‍ സിനിമയിലെ തൊഴിൽ നിഷേധത്തിനും വിലക്കിനുമെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ പരാതി നല്‍കിയ വിവരം ചൂണ്ടിക്കാണിക്കുന്നുണ്ട്.  

കോമ്പറ്റീഷന്‍ ആക്ടിന്റെ സെക്ഷന്‍ 3 പ്രകാരം തന്‍റെ പരാതിയില്‍ അമ്മ സംഘടനയും ഫെഫ്കയും പിഴയടച്ചിട്ടുണ്ട്. ഫെഫ്ക പ്രസിഡന്‍റ് സിബി മലയില്‍ 66,356 രൂപയും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ 32,026 രൂപയും പിഴയടച്ചിട്ടുണ്ട്. സംഘടനയും വ്യക്തികളും സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയതിനെ തുടർന്നാണ് പിഴയടച്ചത്. ഈ സാഹചര്യത്തിൽ ഉണ്ണിക്യഷ്ണനെ സമിതിയിൽ നിന്നൊഴിവാക്കണമെന്നാണാവശ്യം. മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും വിനയന്‍ ഹർജിയിൽ പറയുന്നു.

ലൈംഗികാരോപണ പരാതിയില്‍ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ നടനും എംഎല്‍എയുമായ മുകേഷിനെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.

അതേസമയം, ട്രേഡ് യൂണിയൻ സ്വഭാവത്തിലുള്ള പുതിയ സംഘടന രൂപീകരിക്കാൻ താരങ്ങൾ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. AMMAയെ നില നിർത്തി കൊണ്ട് പുതിയ സംഘടന രൂപീകരിക്കാനാണ് ആലോചന നടന്നതെന്നും ബി. ഉണ്ണികൃഷ്ണൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. സിനിമയിലെ വിവിധ മേഖലകളിലുള്ള 21 യൂണിയനുകൾ ഇപ്പോൾത്തന്നെ ഫെഫ്കയിലുണ്ട്. പുതിയ ഒരു യൂണിയനെ ഉൾപ്പെടുത്തണമെങ്കിൽ ജനറൽ കൗൺസിൽ കൂടി അംഗീകാരം നേടുകയും പിന്നീട് സംഘടനയുടെ നിയമാവലികൾക്കും ചട്ടക്കൂടിനും രൂപം നൽകുകയും വേണമെന്ന് തന്നെ സമീപിച്ചവരോട് വ്യക്തമാക്കിയെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com