ഇ.പിയുടെ ആത്മകഥ വിവാദം: ഡിസി ബുക്സിൽ അച്ചടക്ക നടപടി, പബ്ലിക്കേഷൻസ് മാനേജരെ സസ്‌പെൻഡ് ചെയ്തു

പുസ്തകം പ്രസിദ്ധീകരിക്കുന്നതിലെ കരാർ സംബന്ധിച്ച് വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തതെന്നാണ് വിശദീകരണം
ഇ.പിയുടെ ആത്മകഥ വിവാദം: ഡിസി ബുക്സിൽ അച്ചടക്ക നടപടി, 
പബ്ലിക്കേഷൻസ്  മാനേജരെ സസ്‌പെൻഡ് ചെയ്തു
Published on

ഇ.പിയുടെ ആത്മകഥ വിവാദത്തിൽ ജീവനക്കാരനെതിരെ അച്ചടക്ക നടപടിയുമായി ഡിസി ബുക്‌സ്. ഡിസി ബുക്സ് പബ്ലിക്കേഷൻസ്  മാനേജരെ സസ്‌പെന്‍ഡ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിലെ കരാർ സംബന്ധിച്ച് വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തതെന്നാണ് വിശദീകരണം.

അതേസമയം നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടു മാത്രമേ ഡിസി ബുക്സ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാറുള്ളൂവെന്നും, ഇപ്പോൾ ചില മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, അവ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും ഡിസി ബുക്‌സ് അവരുടെ  ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. പറഞ്ഞിരുന്നു. എന്നാൽ അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായപ്രകടനം അനുചിതമാണെന്നും ഡിസി ബുക്സ് വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ജീവനക്കാരനെതിരെ നടപടിയുമായി ഡിസി ബുക്സ് രംഗത്തെത്തിയത്.

വിഷയവുമായി ബന്ധപ്പെട്ട് കൊണ്ട് ഡിസി ബുക്‌സ് മേധാവി രവി ഡിസിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാൻ കരാർ ഉണ്ടായിരുന്നില്ലെന്നാണ് രവി ഡിസിയുടെ മൊഴി നൽകിയത്. കോട്ടയം ഡിവൈഎസ്‌പി ഓഫീസിൽ എത്തിയാണ് മൊഴി നൽകിയത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോട്ടയം എസ്‌പി ഉടൻ ഡിജിപിക്ക് കൈമാറും. ഡിസി ബുക്ക്സ് ജീവനക്കാരുടെ മൊഴി പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു.

വിഷയത്തിൽ ഇ.പി. ജയരാജൻ്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തായിരുന്നു ഇ.പി. ജയരാജൻ്റെ ആത്മകഥയെന്ന് പറഞ്ഞ് കട്ടൻചായയും പരിപ്പുവടയും എന്നപേരിൽ പുസ്തകം പ്രചരിച്ചത്. താൻ എഴുതിയതല്ല പുറത്തുവന്നതെന്നും,ഡിസി ബുക്‌സിന് പ്രസിദ്ധീകരണ അവകാശം നൽകിയിട്ടില്ലെന്നും, ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അധികാരം തനിക്കാണെന്നും ഇ.പി. വ്യക്തമാക്കിയിരുന്നു. കൂലിക്ക് എഴുതിപ്പിക്കുന്ന രീതി ഇല്ലെന്നും ഇ.പി കൂട്ടിച്ചേർത്തു.

എഴുതി പൂർത്തിയാകാത്ത പുസ്തകം എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നതെന്നായിരുന്നു ഇ.പി.ജയരാജൻ ചോദ്യച്ചത്. ടൈംസ് ഓഫ് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ദിവസം വാർത്ത വന്നത് ആസൂത്രിതമാണെന്നും ഇ.പി പറഞ്ഞിരുന്നു. ഒരു പ്രസാധകരുമായും കരാറില്ല, ആത്മകഥ എഴുതാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇപ്പോൾ പുറത്തു വന്ന ഒരു കാര്യവും താൻ എഴുതിയതല്ലെന്നും, സ്വന്തമായി എഴുതിയ ആത്മകഥ ഉടൻ പുറത്തുവരുമെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കിയിരുന്നു.


"എന്റെ കയ്യക്ഷരം മോശമാണ്. ഭാഷാശുദ്ധിയൊക്കെ വരുത്തി പ്രസിദ്ധീകരിക്കാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്". അധികം താമസിക്കാതെ പുസ്തകം പ്രസിദ്ധീകരിക്കും. ഭാഷാശുദ്ധി വരുത്താനായി ഏൽപിച്ച ആളെ സംശയിക്കുന്നില്ല. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആരെങ്കിലും ഒക്കെ എന്തെങ്കിലും പങ്കുവെച്ചാൽ ഞാൻ അതിന് ഉത്തരവാദിയല്ലെന്നും വിവാദത്തിന് മറുപടി നൽകേണ്ടത് ഡിസി ബുക്ക്‌സാണെന്നും ഇ.പി പറഞ്ഞിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com