
അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനെ പിന്തുണക്കുന്ന ഇന്ത്യൻ വംശജരായ അമേരിക്കക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതായി സർവേ. 2020നും 2024നും ഇടയിൽ പ്രസിഡന്റ് ജോ ബൈഡന് ഇന്ത്യൻ അമേരിക്കൻ വോട്ടർമാരുടെ പിന്തുണയിൽ 19 ശതമാനം ഇടിവുണ്ടായി. ഏഷ്യൻ അമേരിക്കൻ വോട്ടർ സർവേ (എഎവിഎസ്) പുറത്തുവിട്ട റിപ്പോർട്ടിലാണ് കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ പത്തിനാണ് സർവേ റിപ്പോർട്ട് പുറത്തെത്തിയത്.
ഏഷ്യൻ-അമേരിക്കൻ വോട്ടർമാർക്കിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇതെന്നാണ് റിപ്പോർട്ട്. ഏഷ്യൻ, പസഫിക് ഐലൻഡർ അമേരിക്കൻ വോട്ട്, എ.എ.പി.ഐ ഡാറ്റ, ഏഷ്യൻ അമേരിക്കൻസ് അഡ്വാൻസിങ് ജസ്റ്റിസ്, എ.എ.ആർ.പി. എന്നിവർ ചേർന്നാണ് സർവേ നടത്തിയത്. ബൈഡൻ-ട്രംപ് സംവാദത്തിന് മുന്നോടിയായിരുന്നു സർവേ. 46 ശതമാനം അമേരിക്കൻ ഇന്ത്യക്കാർ മാത്രമാണ് ഈ വർഷം ബൈഡന് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത്.
2020ൽ ഇത് 65 ശതമാനം ആയിരുന്നുവെന്നും സർവേയിൽ പറയുന്നു. സ്വിംഗ് സ്റ്റേറ്റുകളിൽ ഏഷ്യൻ-അമേരിക്കൻ വോട്ടർമാർക്കാണ് പ്രാധാന്യം. അതിനാൽ ഈ ഇടിവ് അമേരിക്കൻ തെരഞ്ഞെടുപ്പിൽ നിർണായകമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യുഎസിലെ പ്രധാന വോട്ടർമാരുടെ ഗ്രൂപ്പാണ് ഏഷ്യൻ അമേരിക്കക്കാർ. 2020ൽ ഏഷ്യൻ-അമേരിക്കൻ വോട്ടർമാരുടെ എണ്ണത്തിലുണ്ടായ വർധന ബൈഡന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു.
അതേസമയം ട്രംപിനെ പിന്തുണക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ രണ്ട് ശതമാനം വർധനവുണ്ടായിട്ടുണ്ട്. 2020ൽ 28 ശതമാനം ഇന്ത്യൻ അമേരിക്കക്കാരാണ് ട്രംപിനെ പിന്തുണച്ചതെങ്കിൽ 2024ൽ ഇത് 30 ശതമാനമായി ഉയർന്നു.