
പാലക്കാട് മലമ്പുഴ ഉദ്യാനത്തിലെ കരാർ തൊഴിലാളികളെ പിരിച്ചുവിടുന്നതിനെതിരെ പ്രതിഷേധം. 96 ശുചീകരണ തൊഴിലാളികളെ മുന്നറിയിപ്പ് ഇല്ലാതെ പിരിച്ചുവിട്ടു എന്നാണ് പരാതി. ജോലിയിൽ തുടരാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ അർഹമായ ആനുകൂല്യം നൽകണമെന്നുമാണ് ആവശ്യം.
ഇരുപതും മുപ്പതും വർഷമായി മലമ്പുഴ ഉദ്യാനത്തിൽ ജോലി ചെയ്യുന്ന താൽക്കാലിക കരാർ ജീവനക്കാരെ പിരിച്ചുവിടുന്ന ഉത്തരവിനെതിരെയായിരുന്നു പ്രതിഷേധം. 96 താൽക്കാലിക ശുചീകരണ തൊഴിലാളികളാണ് ഇക്കൂട്ടത്തിലുള്ളത്. 60 വയസ് കഴിഞ്ഞെന്ന കാരണം പറഞ്ഞാണ് തങ്ങളെ പുറത്താക്കുന്നത് എന്നാണ് തൊഴിലാളികൾ പറയുന്നത്. തങ്ങൾക്ക് ഇഎസ്ഐയോ പിഎഫോ ഇല്ലെന്നും അർഹമായ നഷ്ടപരിഹാരം നൽകിയില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു.
Read More: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഏകീകൃത പെൻഷൻ പദ്ധതിയുടെ ആറ് സവിശേഷതകൾ
എന്നാൽ തൊഴിലാളികൾ കൂടുതലാണെന്നും 75000 രൂപ നഷ്ടപരിഹാരമായി നൽകിയാണ് പിരിച്ചുവിടുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. സമരത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസും, കോൺഗ്രസ് പ്രവർത്തകരും മുന്നോട്ട് വന്നു. തീരുമാനം പിൻവലിക്കുന്നത് വരെ ശക്തമായി സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം.