"തല്ലാൻ വന്നാൽ തിരിച്ചു തല്ലും"; ഇടുക്കിയിൽ കോൺഗ്രസ്‌ - മുസ്ലിം ലീഗ് തർക്കം രൂക്ഷം

തൊടുപുഴ നഗരസഭയിലെ ഭരണം നഷ്ടമായതിനെ ചൊല്ലിയുണ്ടായ തർക്കമാണ് യുഡിഎഫിനുള്ളിൽ കലഹത്തിന് കാരണമായത്
"തല്ലാൻ വന്നാൽ തിരിച്ചു തല്ലും"; ഇടുക്കിയിൽ കോൺഗ്രസ്‌ - മുസ്ലിം ലീഗ്  തർക്കം രൂക്ഷം
Published on

ഇടുക്കി ജില്ലയിൽ കോൺഗ്രസ്‌ - മുസ്ലിം ലീഗ് പാർട്ടികൾ തമ്മിൽ തർക്കം തുടരുന്നു. തൊടുപുഴ നഗരസഭയിലെ ഭരണം നഷ്ടമായതിനെ ചൊല്ലിയുണ്ടായ തർക്കമാണ് യുഡിഎഫിനുള്ളിൽ കലഹത്തിന് കാരണമായത്. ഡിസിസി പ്രസിഡൻ്റ് സി.പി. മാത്യുവിനെ നിലയ്ക്ക് നിർത്താൻ കെപിസിസി ഇടപെടണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ.എം.എ ഷുക്കൂർ പറഞ്ഞു . ഊരിയ വാൾ ഉറയിലിടുന്നതാണ് ലീഗിന് നല്ലതെന്നും തല്ലാൻ വന്നാൽ തിരിച്ചടിക്കുമെന്നും ഡിസിസി പ്രസിഡൻ്റ് സി.പി മാത്യു തുറന്നടിച്ചു.

സി.പി മാത്യുവിനെ കെപിസിസി ഇടപെട്ട് നിലയ്ക്ക് നിർത്തണമെന്നായിരുന്നു കെ.എം.എ ഷുക്കൂറിൻ്റെ ആവശ്യം. പിന്നാലെ ഷുക്കൂർ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തു.  താക്കീതിൻ്റെ ഭാഷയിലായിരുന്നു ഇതിന് സി.പി മാത്യു മറുപടി നൽകിയത്. തല്ലാൻ വന്നാൽ തിരിച്ചു തല്ലുമെന്ന് സി.പി മാത്യു പറഞ്ഞു. തൊടുപുഴ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് ചെയ്ത ലീഗുമായി അനുരഞ്ജന ചർച്ചക്ക് ഇല്ലെന്നും സി.പി മാത്യു പറഞ്ഞു. അതേസമയം ജില്ലയിലെ കോൺഗ്രസ്‌ -ലീഗ് ഭിന്നതയിൽ സംസ്ഥാന നേതൃത്വങ്ങൾ ഇടപെടണമെന്നാണ് ഇരുപാർട്ടികളിലെയും ഒരുവിഭാഗം പ്രവർത്തകരുടെ ആവശ്യം. 

വാർഡ് ഉപതെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം ലഭിച്ച തൊടുപുഴ നഗരസഭയിലെ ഭരണം നഷ്ടമായതിനെ ചൊല്ലിയാണ് ഇടുക്കി യുഡിഎഫിൽ കലഹം ആരംഭിച്ചത്. സമവായ ചർച്ചകൾ പാളിപ്പോയതോടെ നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻ്റെയും ലീഗിൻ്റെയും സ്ഥാനാർഥികൾ മത്സരിച്ചു . മൂന്നു റൗണ്ട് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ അവസാനവട്ടം മുസ്ലിം ലീഗ് അംഗങ്ങളിൽ അഞ്ചുപേർ സിപിഎംന് വോട്ട് നൽകിയതിനെതുടർന്നാണ് എൽഡിഎഫ് സ്ഥാനാർഥി സബീന ബിഞ്ചു ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ്‌ വഞ്ചന കാണിച്ചെന്നും ലീഗ് വെച്ച കോണിയിൽ ചവിട്ടികയറി ജയിച്ചവരാണ് ജില്ലയിലെ യുഡിഎഫിലെ പലരുമെന്നും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആരോപിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com