"റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കം"; പെരുമ്പിലാവ് കൊലപാതകത്തിൽ പ്രതികളുടെ മൊഴി പുറത്ത്

കൊല്ലപ്പെട്ട അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആൾക്കൊപ്പം ലിഷോയും ബാദുഷയും ചേർന്ന് റീൽസ് എടുത്തു. പിന്നാലെ ഇത് അക്ഷയ് ചോദ്യം ചെയ്തിരുന്നു
"റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കം"; പെരുമ്പിലാവ് കൊലപാതകത്തിൽ പ്രതികളുടെ മൊഴി പുറത്ത്
Published on

തൃശൂർ പെരുമ്പിലാവിൽ ലഹരി മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ മൊഴി പുറത്ത്. കൊലപാതക കാരണം റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണെന്ന് പ്രതികൾ മൊഴി നൽകി. കൊല്ലപ്പെട്ട അക്ഷയിയെ ഉൾപ്പെടുത്താതെ പ്രതികളായ ലിഷോയും ബാദുഷയും ചേർന്ന് റീൽസ് എടുത്തതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായതെന്നും വാക്കു തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നുമാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. മദ്യലഹരിയിൽ ആയുധങ്ങളുമായി എത്തി അക്ഷയ് തങ്ങളെ ആക്രമിക്കാൻ ശ്രമിക്കുക ആയിരുന്നുവെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. ലഹരി വിഷയത്തിലെ തർക്കവും കൊലപാതകത്തിന് കാരണമെന്നും പ്രതികൾ മൊഴി നൽകി. മുഖ്യപ്രതി ലിഷോയി ഇന്ന് പിടിയിലായിരുന്നു. കേസിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. ബാദുഷ, നിഖിൽ, ആകാശ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

മുഖ്യപ്രതി ലിഷോയിയെ കൊലപാതകം നടന്ന മുല്ലപ്പിള്ളിക്കുന്ന് നാല് സെൻ്റ് ഉന്നതിയിൽ നിന്നാണ് പിടികൂടിയത്. രാത്രി മുഴുവൻ കൊല നടന്ന വീടിനു സമീപം ഒളിച്ചിരുന്ന പ്രതി രാവിലെ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. അതേസമയം, പെരുമ്പിലാവ് കൊലപാതക കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് തെളിയിക്കുന്നത് ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. കൊലയ്ക്ക് ശേഷം പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊലപാതകം നടക്കുന്ന സമയത്ത് സംഘർഷവും ബഹളവും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അടുത്ത സുഹൃത്തുക്കളായിരുന്ന അക്ഷയ് മുഖ്യ പ്രതി ലിഷോയിയുടെ വീട്ടിൽ പതിവായി എത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇന്നലെ ഇയാൾ എത്തിയപ്പോഴും നാട്ടുകാരിൽ പലർക്കും സംശയം തോന്നിയിരുന്നില്ല. എന്നാൽ രാത്രി ഭാര്യസമേതം എത്തിയ അക്ഷയ് ലിഷോയിയും മറ്റു പ്രതികളുമായി തർക്കത്തിൽ ഏർപ്പെടുകയും വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായാണ് പ്രതികൾ സംഘം ചേർന്ന് കൊലപാതകം നടത്തിയത്. ഭാര്യയുടെ കൺമുന്നിൽവച്ച് അക്ഷയിയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ കൃത്യം നടത്തിയ ശേഷം വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് അക്ഷയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തിൽ കസ്റ്റഡിയിലെടുത്ത 4 പ്രതികളെയും കുന്നംകുളം പൊലീസ് സ്റ്റേഷനിൽ എത്തിച്ച ചോദ്യം ചെയ്തു. എന്നാൽ മൊഴികൾ പൂർണമായും വിശ്വാസത്തിൽ എടുക്കാത്ത പൊലീസ് ഇവരുടെ ലഹരി ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായതോടെ അന്വേഷണം ശക്തമാക്കിയതായും ശേഷിക്കുന്ന പ്രതികളെ കൂടി ഉടൻ പിടിക്കൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിലുള്ള കൊല്ലപ്പെട്ട അക്ഷയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com