മേയർ പദവി കൈമാറ്റത്തെച്ചൊല്ലി തർക്കം; കൊല്ലം കോർപറേഷനിൽ സിപിഐയുടെ ഡെപ്യൂട്ടി മേയർ രാജിവെച്ചു

നേരത്തേയുണ്ടാക്കിയ ധാരണ ലംഘിച്ചെന്ന് ആരോപിച്ചാണ് രാജി
മേയർ പദവി കൈമാറ്റത്തെച്ചൊല്ലി തർക്കം; കൊല്ലം കോർപറേഷനിൽ സിപിഐയുടെ ഡെപ്യൂട്ടി മേയർ രാജിവെച്ചു
Published on


സിപിഎം ഭരിക്കുന്ന കൊല്ലം കോർപ്പറേഷനിൽ മേയർ പ്രസന്നാ ഏണസ്റ്റ് രാജിവയ്ക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് സിപിഐ. ഡെപ്യൂട്ടി മേയറും രണ്ട് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരും രാജി വച്ചു. മുന്നണി ധാരണ പ്രകാരം അവസാന ഒരു വർഷം മേയർ സ്ഥാനം സിപിഐക്ക് നൽകേണ്ടതാണ്. എന്നാൽ രാജി നൽകേണ്ട അവസാന ദിവസമായ ഇന്നും ഇതിന് തയ്യാറാകാതെ വന്നതോടെയാണ് സിപിഐ നിലപാട് കടുപ്പിച്ചത്.

തദ്ധേശ തിരഞ്ഞെടുപ്പിൽ 55-ൽ 39 സീറ്റുകളും നേടിയാണ് എൽഡിഎഫ്. കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തത്. സിപിഎം 29, സിപിഐ 10 എന്നിങ്ങനെയായിരുന്നു സീറ്റ് നില. മുന്നണി ധാരണ പ്രകാരം അവസാന ഒരു വർഷം സിപിഐയ്ക്ക് മേയർ സ്ഥാനം നൽകേണ്ടതുണ്ട്. എന്നാൽ രാജിക്ക് തയ്യാറാകാത്ത സിപിഎം നിലപാടിനെതിരെയാണ് പരസ്യ പ്രതിഷേധവുമായി സിപിഐ രംഗത്ത് എത്തിയത്. പാർട്ടി നേതൃത്വത്തിൻ്റെ അറിവോടെയാണ് രാജി വെച്ചതെന്ന് പി.കെ. മധു, പാർലമെന്ററി പാർട്ടി നേതാവ് ഹണി എന്നിവർ പറഞ്ഞു.

അതേസമയം, തനിച്ച് ഭരിക്കാൻ സിപിഎമ്മിന് ഭൂരിപക്ഷമുണ്ടന്നിരിക്കെ മേയർ സ്ഥാനം നൽകേണ്ടതില്ലെന്ന വാദം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാനിരിക്കെ മേയർ മാറ്റം ഉടൻ വേണ്ടന്ന നിലപാടായിരുന്നു സിപിഎമ്മിനുള്ളത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മേയർ സ്ഥാനം രാജിവയ്ക്കാനുള്ള സമ്മർദ്ധം സിപിഎമ്മിന് ഏറുകയാണ്. പ്രസന്നാ ഏണസ്റ്റ് രാജി വെച്ചാൽ സിപിഐയുടെ വടക്കും ഭാഗം കൗൺസിലർ ഹണിയുടെ പേരാണ് മേയർ സ്ഥാനത്തേക്ക് ഉയർന്ന് വരുന്നത്. നേരത്തേയും ഹണി കോർപ്പറേഷൻ മേയർ സ്ഥാനം വഹിച്ചിട്ടുണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com