
വനനിയമ ഭേദഗതിയിലെ അതൃപ്തി അറിയിക്കാൻ കേരളാ കോൺഗ്രസ് (എം) നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. ജോസ് കെ. മാണിയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച. ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന ഭേദഗതി അംഗീകരിക്കാനാവില്ലെന്നാണ് കേരള കോൺഗ്രസ് എമ്മിൻ്റെ നിലപാട്.
അതേസമയം, വനനിയമ ഭേദഗതിയിൽ സർക്കാരിന് തിടുക്കമില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് എല്ലാ വശങ്ങളും പരിശോധിച്ച് കുറ്റമറ്റതാക്കിയതിന് ശേഷമേ നിയമ നിർമാണ നടപടികളിലേക്ക് കടക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജനുവരി അവസാന ആഴ്ച ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടികയിൽ വനനിയമ ഭേദഗതി ഉൾപ്പെടുത്തിയിട്ടില്ലെന്നും വനം മന്ത്രി വ്യക്തമാക്കി.
കേരള കോൺഗ്രസ് (എം) മുന്നണി മാറുന്നെന്ന തരത്തിലുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പ്രതികരണവുമായി നേരത്തെ മന്ത്രി വി. എൻ. വാസവൻ രംഗത്തെത്തിയിരുന്നു. മുന്നണി മാറ്റമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്നായിരുന്നു വി.എൻ. വാസവൻ്റെ പ്രതികരണം. മുന്നണി മാറ്റം സംബന്ധിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ല. ഇതിന് പിന്നിൽ ഗൂഢാലോചനയാണെന്നും വിഷയം ജോസ് കെ. മാണി തന്നെ വിശദീകരിച്ചെന്നും വി.എൻ. വാസവൻ പറഞ്ഞു.
കോട്ടയത്ത് റബർ ബോർഡ് ഓഫീസിലേക്ക് നടത്തിയ കർഷക മാർച്ചുമായി ബന്ധപ്പട്ടായിരുന്നു വാർത്ത. എന്നാൽ ഇത് വ്യാജവാർത്തയാണെന്ന് വ്യക്തമാക്കികൊണ്ട്, ജോസ് കെ. മാണി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരള കോൺഗ്രസ് (എം) നിലവിൽ ഇടത് മുന്നണിയുടെ അവിഭാജ്യ ഘടകമാണ്. യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയാണ് വാർത്തക്ക് പിന്നിലെന്നും രഹസ്യമായും, പരസ്യമായും ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു.