കൊയിലാണ്ടിയിൽ ആനകളിടഞ്ഞ സംഭവം: ജില്ലാ കളക്ടറും, ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും വനം വകുപ്പ് മന്ത്രിക്ക് ഇന്ന് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കും

മരിച്ച മൂന്നുപേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 31 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്
കൊയിലാണ്ടിയിൽ ആനകളിടഞ്ഞ സംഭവം: ജില്ലാ കളക്ടറും, ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും വനം വകുപ്പ് മന്ത്രിക്ക് ഇന്ന് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കും
Published on

കോഴിക്കോട് കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞ് മൂന്നുപേർ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടറും, ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് ഇന്ന് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടികൾ സ്വീകരിക്കുക. സംഭവത്തിൽ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. കൂടാതെ മരിച്ച മൂന്നുപേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 31 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.


കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, വടക്കേയിൽ രാജൻ എന്നിവരാണ് മരിച്ചത്. ഇടഞ്ഞ ആന മറ്റൊരാനയെ കുത്തിയതിനെ തുടര്‍ന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 12 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


ഗുരുവായൂരിൽ നിന്നും കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിന് എഴുന്നള്ളിച്ച പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് വൈകിട്ടോടെ ഇടഞ്ഞോടിയത്. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ വലിയ രീതിയിൽ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതിനിടെ പീതാംബരൻ ഇടയുകയും തൊട്ടടുത്ത് നിന്ന ഗോകുൽ എന്ന ആനയെ കുത്തുകയും ചെയ്തു‌. ഇതിന് പിന്നാലെ രണ്ട് ആനകളും കൊമ്പ് കോർക്കുകയും ഇടഞ്ഞോടുകയും ചെയ്തു. അപ്രതീക്ഷിതമായി ആനകൾ ഇടഞ്ഞത് ആളുകളെ പരിഭ്രാന്തരാക്കി.

ക്ഷേത്രോത്സവത്തിന്‍റെ അവസാന ദിവസം ശീവേലി തൊഴാന്‍ നിന്നവരാണ് ആനകളുടെ മുന്നിൽ പെട്ടത്. പലരും പലവഴിക്ക് ഓടുകയും ചിലർ വീഴുകയും ചെയ്തു. ആനകളുടെ ആക്രമണത്തിൽ ക്ഷേത്ര ഓഫീസ് അടക്കം തകർന്നു. ഓഫീസിന് താഴെ ഇരുന്നിരുന്ന, കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, വടക്കേയിൽ രാജൻ എന്നിവരാണ് മരിച്ചത്.


വെടിമരുന്ന് പ്രായോഗം നടത്തിയത് കൊണ്ടാണ് ആനകൾ ഇടഞ്ഞതെന്ന് പറയാനാകില്ലെന്നും വനംവകുപ്പിന്റെയും, പൊലീസിന്റെയും എല്ലാ അനുമതിയും വാങ്ങിയിട്ടാണ് ആനകളെ കൊണ്ടുവന്നതെന്നും പ്രദേശവാസികൾ പറയുന്നു. വിരണ്ട രണ്ട് ആനകളെയും പെട്ടെന്ന് തന്നെ പാപ്പാന്മാരുടെ നേതൃത്വത്തിൽ തളയ്ക്കാൻ സാധിച്ചതിനാൽ അപകടത്തിന്റെ വ്യാപ്തി കുറക്കാൻ കഴിഞ്ഞെന്ന് കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു പറഞ്ഞു.

മരിച്ച മൂന്നുപേരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. ദുഃഖാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ 17,18,25,26,27,28,29,30,31 എന്നീ വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com