തൃശൂർ ചിൽഡ്രൻസ് ഹോമിലെ കൊലപാതകം: "കൊല്ലപ്പെട്ടത് യുപി സ്വദേശിയായ 17കാരൻ, കൊല നടത്തിയ കുട്ടിയുടെ പ്രായം 15"; ജില്ലാ കളക്ടർ

കൃത്യം നടക്കുന്ന സമയത്ത് രണ്ട് കെയർ ടേക്കർമാർ ജോലിയിൽ ഉണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി
തൃശൂർ ചിൽഡ്രൻസ് ഹോമിലെ കൊലപാതകം: "കൊല്ലപ്പെട്ടത് യുപി സ്വദേശിയായ 17കാരൻ, കൊല നടത്തിയ കുട്ടിയുടെ പ്രായം 15"; ജില്ലാ കളക്ടർ
Published on


തൃശൂർ ചിൽഡ്രൻസ് ഹോമിലെ കൊലപാതകത്തിൽ കെയർടേക്കർമാർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ഉത്തർപ്രദേശിൽ നിന്നും കേരളത്തിൽ എത്തിയ 17 വയസുകാരൻ അങ്കിതാണ് കൊല്ലപ്പെട്ടതെന്ന് കളക്ടർ വ്യക്തമാക്കി. കുട്ടികൾ തമ്മിൽ മുൻപ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ആദ്യമായാണ് ഇത്തരം വാക്‌തർക്കം ഉണ്ടാകുന്നതെന്നും കളക്ടർ പറഞ്ഞു.

15 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് അങ്കിതിനെ കൊലപ്പെടുത്തിയത്. 2023 മുതൽ തൃശൂർ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയാണ് അങ്കിത്. കൊല നടത്തിയ 15 കാരൻ ചിൽഡ്രൻസ് ഹോമിലെത്തിയത് ഒരു മാസം മുൻപ് മാത്രമാണ്. 2023ൽ ഇരിങ്ങാലക്കുടയിലെ ഹോമിൽ നിന്നുമാണ് അങ്കിത് തൃശൂരിലെത്തുന്നതെന്നും കളക്ടർ പറഞ്ഞു.

കൃത്യം നടക്കുന്ന സമയത്ത് രണ്ട് കെയർ ടേക്കർമാർ ജോലിയിൽ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. അതേസമയം കുട്ടിക്ക് 12 വയസ് കഴിഞ്ഞതിനാൽ, കെയർടേക്കറിലേക്ക് കുറ്റകൃത്യത്തിൻ്റെ ചുമതല മാറ്റാൻ കഴിയില്ലെന്ന് പൊലീസ് മേധാവി വ്യക്തമാക്കി.


ഇന്ന് രാവിലെ 6.15ഓടെയാണ് രാമവർമപുരത്തെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ ക്രൂരകൊലപാതകം നടന്നത്. ആക്സോ ബ്ലൈഡ് പോലുള്ള വസ്തു തലയിൽ വെച്ചതിന് ശേഷം ചുറ്റിക കൊണ്ട് തലയിലേക്ക് അടിച്ചിറക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. വാക്കുതർക്കത്തെ തുടർന്നാണ് 18കാരൻ അങ്കിതിനെ കൊലപ്പെടുത്തുന്നത്.

വിവരമറിഞ്ഞ ചിൽഡ്രൻസ് ഹോം അധികൃതർ അങ്കിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ഉടനടി ആശുപത്രിയിലെത്തിക്കാൻ ചിൽഡ്രൻസ് ഹോമിൽ വാഹനങ്ങൾ ഉണ്ടായിരുന്നില്ലെന്നും സൂചനയുണ്ട്. അങ്കിതിൻ്റെ മൃതദേഹം നിലവിൽ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com