നന്മയെക്കുറിച്ച് രണ്ട് നല്ല വാക്ക് പറയുന്നതിൽ പ്രയാസമെന്തിന്? പറഞ്ഞത് ഉത്തമ ബോധ്യത്തില്‍; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ദിവ്യ

ഭരണമികവിന് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുമ്പും ദിവ്യ എസ്. അയ്യര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
നന്മയെക്കുറിച്ച് രണ്ട് നല്ല വാക്ക് പറയുന്നതിൽ പ്രയാസമെന്തിന്? പറഞ്ഞത് ഉത്തമ ബോധ്യത്തില്‍; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ദിവ്യ
Published on


മുന്‍ രാജ്യസഭാ എംപിയും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുമായ കെ.കെ. രാഗേഷിനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ നിരിട്ട വിമര്‍ശനങ്ങളില്‍ മറുപടിയുമായി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്. ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പറഞ്ഞതെന്ന് ദിവ്യ വിശദീകരിച്ചു. നന്മയുള്ളവരെ കുറിച്ച് നല്ല വാക്ക് പറയുന്നതിന് വലിയ പ്രയാസം വേണ്ടെന്നും ദിവ്യ പറഞ്ഞു.

രാഗേഷിനെ പ്രശംസിച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ദിവ്യക്ക് നേരെ ഉണ്ടായത്. അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചാണ് ദിവ്യയെ കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍ വിമര്‍ശിച്ചത്. ഇത് അതിരുവിട്ടതോടെയാണ് ഇന്‍സ്റ്റയിലൂടെ തന്നെ ദിവ്യ മറുപടി നല്‍കിയത്. ഭരണമികവിന് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുമ്പും ദിവ്യ എസ്. അയ്യര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ്. അയ്യര്‍ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ദിവ്യ മുഖ്യമന്ത്രിക്ക് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണെന്നായിരുന്നു കെ. മുരളീധരന്റെ വിമര്‍ശനം. സോപ്പിട്ടോളൂ, പക്ഷെ പതപ്പിക്കരുതെന്നും അത് തനിക്ക് തന്നെ ഭാവിയില്‍ ദോഷം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.

ദിവ്യയുടെ പ്രതികരണം സദുദ്ദേശ്യപരമാണ് എങ്കിലും വീഴ്ച സംഭവിച്ചു എന്നാണ് ദിവ്യയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. ശബരീനാഥന്റെ പ്രതികരണം. സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ഒപ്പം നിന്ന് ഉദ്യോഗസ്ഥര്‍ക്ക് സംസാരിക്കേണ്ടി വരും. പക്ഷെ രാഷ്ട്രീയ നിയമനം കിട്ടിയ ആളെ കുറിച്ച് അഭിനന്ദിച്ചത് അങ്ങനെയല്ലെന്നും ശബരീനാഥന്‍ പ്രതികരിച്ചു.

ദിവ്യക്ക് എതിരെ ആക്രമണം നടത്തുന്നത് പ്രാകൃതമെന്ന് കെ.കെ.രാഗേഷ് വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലാണ് ദിവ്യയുടെ അഭിനന്ദനം. ഒരു പ്രൊഫഷണല്‍ മറ്റൊരു പ്രൊഫഷണലിനെക്കുറിച്ച് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും കെ.കെ. രാഗേഷ് ചോദിച്ചു.

സിപിഐഎം കണ്ണൂര്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രാഗേഷിന് ആശംസ നേര്‍ന്നുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍, കര്‍ണനെ തോല്‍പ്പിക്കുന്ന കവചം എന്നായിരുന്നു ദിവ്യ കെ.കെ. രാഗേഷിനെ വിശേഷിപ്പിച്ചത്. വിശ്വസ്തതയുടെ പാഠപുസ്തകമെന്നും കഠിനാധ്വാനത്തിന്റെ മഷിക്കൂട്ടെന്നും ദിവ്യ പ്രകീര്‍ത്തിച്ചു.

നിലവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷിനെ കഴിഞ്ഞ ദിവസം ചേര്‍ന്ന നിര്‍ണായക ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന കെ.കെ. രാഗേഷ് നേരത്തെ രാജ്യസഭാ എംപിയായും പ്രവര്‍ത്തിച്ചിരുന്നു. അഖിലേന്ത്യാ കിസാന്‍ സഭയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമായും കെ.കെ. രാഗേഷ് പ്രവര്‍ത്തിച്ചിരുന്നു. മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന കര്‍ഷക സമരത്തിലും ഡല്‍ഹി കേന്ദ്രീകരിച്ച് സജീവമായി ഇടപെട്ടിരുന്നു.


എം.വി. ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. പിബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍, കെ.കെ. ശൈലജ എന്നിവര്‍ പങ്കെടുത്ത ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് കെ.കെ. രാഗേഷിന്റെ പേര് നിര്‍ദേശിച്ചത്. എം. പ്രകാശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി നിര്‍ദേശം അംഗീകരിച്ചു. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനേയും തെരഞ്ഞെടുത്തു. എം. കരുണാകരനാണ് പുതിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com