'നാല് ശതമാനം സംവരണം മുസ്ലീങ്ങൾക്ക് മാത്രമല്ല'; കർണാടക മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഡി.കെ. ശിവകുമാർ

മാർച്ച് ഏഴിന് അവതരിപ്പിച്ച 2025-26 ലെ സംസ്ഥാന ബജറ്റിലാണ് സിദ്ധരാമയ്യ സർക്കാർ കരാറുകളിൽ സംവരണം പ്രഖ്യാപിച്ചത്
'നാല് ശതമാനം സംവരണം മുസ്ലീങ്ങൾക്ക് മാത്രമല്ല'; കർണാടക മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഡി.കെ. ശിവകുമാർ
Published on

സംവരണ വിഷയത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നാല് ശതമാനം സംവരണം എന്നത് മുസ്ലീങ്ങൾക്ക് മാത്രമല്ലെന്നും മറ്റ് ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാ​ഗങ്ങൾക്കും സംവരണാവകാശം ലഭിക്കുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു. ഈ സംവരണം ജോലിക്കോ വിദ്യാഭ്യാസത്തിനോ അല്ല, മറിച്ച് ഒരു കോടി രൂപ വരെയുള്ള സർക്കാർ പദ്ധതികൾക്ക് ലേലം വിളിക്കാനുള്ള കരാറുകാർക്കാണെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കി. നാല് ശതമാനം സംവരണം മുസ്ലീങ്ങളെ പ്രീണിപ്പിക്കാനുള്ള നീക്കമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.


മാർച്ച് ഏഴിന് അവതരിപ്പിച്ച 2025-26 ലെ സംസ്ഥാന ബജറ്റിലാണ് സിദ്ധരാമയ്യ സർക്കാർ കരാറുകളിൽ സംവരണം പ്രഖ്യാപിച്ചത്. പ്രസം​ഗത്തിൽ ഏതെങ്കിലും പ്രത്യേക വിഭാ​ഗത്തിന്റെ പേരെടുത്ത് പരാമർശിച്ചിരുന്നില്ല. പട്ടികജാതി-പട്ടികവർഗ ക്ഷേമത്തിനായി 42,018 കോടി രൂപയും ബജറ്റിൽ അനുവദിച്ചിരുന്നു.


പ്രഖ്യാപനത്തിന് പിന്നാലെ എസ്‌സി, എസ്ടി, മറ്റ് പിന്നാക്ക സമുദായങ്ങൾ എന്നിവർക്ക് നൽകുന്ന സംവരണത്തിന് സമാനമായി, കരാർ ജോലികളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകണമെന്ന് ന്യൂനപക്ഷ നേതാക്കൾ അഭ്യർത്ഥിച്ചിരുന്നു. ഇതിനെത്തുടർന്ന്, സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച  ചേർന്ന മന്ത്രിസഭാ യോഗമാണ് 1999 ലെ കെടിപിപി നിയമ ഭേദഗതി ബിൽ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാൻ തീരുമാനിച്ചത്.

എന്നാൽ, ബിൽ ഭേദഗതി ചെയ്യാനുള്ള തീരുമാനം വന്നതിനു പിന്നാലെ സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ട് ബിജെപി രം​ഗത്തെത്തി. ഈ നീക്കം ഭരണഘടനയുടെ ആത്മാവിന് എതിരാണെന്നും 'പ്രീണന രാഷ്ട്രീയത്തിന്റെ കൊടുമുടി' ആണെന്നുമായിരുന്നു ബിജെപിയുടെ ആരോപണം. മഡിവാള, സവിത തുടങ്ങി നിരവധി സമുദായങ്ങളും സംസ്ഥാനത്ത് നിലവിലുണ്ടെന്നും, അവർക്ക് സർക്കാരിന്റെ പിന്തുണ ആവശ്യമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജേന്ദ്ര പറഞ്ഞു. സർക്കാർ ഈ സമുദായങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നില്ല. പകരം, മുസ്ലീം പ്രീണനത്തിനാണ് സർക്കാർ തയ്യാറെടുക്കുന്നത്. ജനങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കേണ്ടിവരുമെന്നും വിജേന്ദ്ര കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com