കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും സ്മാരകം; പാർട്ടി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് ഡി.കെ ശിവകുമാർ

അതേസമയം പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾ പരോളിനായി അപേക്ഷ നൽകിയ സാഹചര്യത്തിൽ ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തി രംഗത്തെത്തി. പരോളിന് അപേക്ഷിച്ചവർ പുറത്തിറങ്ങിയാൽ പുറത്തിറങ്ങി നടക്കാമെന്ന് കരുതേണ്ടെന്നായിരുന്നു രാഹുലിൻ്റെ ഭീഷണി.
കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും സ്മാരകം; പാർട്ടി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് ഡി.കെ ശിവകുമാർ
Published on

കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും സ്‌മാരകം പണിയാനായി 25 ലക്ഷം രൂപ അനുവദിച്ച് കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. പ്രാദേശിക കമ്മറ്റിയുടെ ആവശ്യപ്രകാരം പാർട്ടി ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്. കേരളത്തിലെ ജനങ്ങൾക്ക് എൽഡിഎഫ് ഭരണം മടുത്തുവെന്നും യുഡിഎഫ് ശക്തമായി തിരിച്ച് വരുമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.

ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ അഞ്ചാം ഓർമദിനത്തിലാണ് ശിവകുമാറിൻ്റെ പ്രഖ്യാപനം. 2019 ഫെബ്രുവരി 17-നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിലെ പത്ത് പ്രതികള്‍ക്ക് കഴിഞ്ഞ മാസം കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. അതേസമയം പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾ പരോളിനായി അപേക്ഷ നൽകിയ സാഹചര്യത്തിൽ ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തി രംഗത്തെത്തി. പരോളിന് അപേക്ഷിച്ചവർ പുറത്തിറങ്ങിയാൽ പുറത്തിറങ്ങി നടക്കാമെന്ന് കരുതേണ്ടെന്നായിരുന്നു രാഹുലിൻ്റെ ഭീഷണി.

എട്ടാം പ്രതി എ. സുബീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് കണ്ണൂർ സെൻട്രൽ ജയിലിൽ അപേക്ഷ നൽകിയത്. കേസിൽ ശിക്ഷിക്കപ്പെട്ട് ഒന്നര മാസം തികയും മുൻപാണ് പ്രതികളുടെ നീക്കം. ജയിൽ അധികൃതർ പൊലീസിന്റെ റിപ്പോർട്ട് തേടും. നീക്കത്തിന് പിന്നിൽ ഉന്നത സിപിഎം നേതാക്കളുടെ ഇടപെടലെന്ന് ആരോപണം ഉയരുന്നുണ്ട്.


പെരിയക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ റിപ്പോർട്ട് പൊലീസ് വൈകിപ്പിക്കുന്നുവെന്നാണ് റിപ്പോ‍‍‍‍ർട്ട്. രണ്ട് പ്രതികൾ നൽകിയ പരോൾ അപേക്ഷയിൽ റിപ്പോർട്ട് വൈകിപ്പിക്കാനാണ് പൊലിസ് നീക്കം. പ്രതികൾക്ക് ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ബേക്കൽ പൊലീസ് ജാമ്യാപേക്ഷ റിപ്പോർട്ട് വൈകിപ്പിക്കുന്നത്.

നേരത്തെ പെരിയ കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ. വി. കുഞ്ഞിരാമൻ്റെ അടക്കം സിബിഐ കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. കെ. വി. കുഞ്ഞിരാമൻ, മണികണ്‌ഠൻ, രാഘവൻ വെളുത്തോളി, ഭാസ്‌കരൻ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് അപ്പീൽ പരിഗണിച്ച് ഹൈക്കോടതി മരവിപ്പിച്ചത്.

നാല് പേർക്കും അഞ്ച് വർഷം തടവും പിഴയുമായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. സിബിഐ കോടതി വിധി റദ്ദാക്കി കുറ്റവിമുക്തരാക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. വിചാരണ നടപടികളും വിധിയും നീതിയുക്തമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. തെളിവുകളും സാഹചര്യങ്ങളും കൃത്യമായി വിലയിരുത്താതെയാണ് വിധി, സിബിഐ വിവരങ്ങൾ മറച്ചുവെച്ച് കേസിൽ പ്രതി ചേർത്തു തുടങ്ങിയവയും ഇവരുടെ അപ്പീലിൽ പറഞ്ഞിരുന്നു.


ആറ് വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് പെരിയ ഇരട്ട കൊലപാതകക്കേസിൽ കോടതി ശിക്ഷ വിധിച്ചത്. കേസിൽ 14 പ്രതികളെയാണ് കുറ്റക്കാരായി കൊച്ചി സിബിഐ കോടതി കണ്ടെത്തിയത്. കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾക്കും, പത്തും, പതിനഞ്ചും പ്രതികൾക്കും ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു. 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com