സാംസങ് തൊഴിലാളി സമരം: ചേരിതിരിഞ്ഞ് ഡിഎംകെയും ഇടതുപക്ഷവും

സംസ്ഥാന സർക്കാരിന് സമരത്തിൽ തൊഴിലാളി അനുകൂല നിലപാടല്ലെന്ന വിമർശനം വിസികെയും സിപിഐയും ഉന്നയിക്കുന്നുണ്ട്
സാംസങ് തൊഴിലാളി സമരം: ചേരിതിരിഞ്ഞ് ഡിഎംകെയും ഇടതുപക്ഷവും
Published on

തമിഴ്‌നാട്ടിലെ സാംസങ് യൂണിറ്റിൽ തുടരുന്ന തൊഴിലാളി സമരത്തിൽ രണ്ട് പക്ഷത്താണ് ഇന്ത്യാ സഖ്യ കക്ഷികളായ സിപിഐഎമ്മും ഡിഎംകെയും. സംസ്ഥാന സർക്കാരിന് സമരത്തിൽ തൊഴിലാളി അനുകൂല നിലപാടല്ലെന്ന വിമർശനം വിസികെയും സിപിഐയും ഉന്നയിക്കുന്നുണ്ട്. എന്നാൽ ബദ്ധവൈരികളായ ഡിഎംകെയെ പിന്തുണച്ച് ബിജെപിയും രംഗത്തുവന്നിട്ടുണ്ട്.

കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുംപത്തൂരിലുള്ള സാംസങ് ഫാക്ടറിയിൽ സെപ്തംബർ 9നാണ് തൊഴിലാളി സമരം ആരംഭിച്ചത്. ടിവി, ഫ്രിഡ്ജ്, വാഷിങ്മെഷീൻ എന്നിവ നിർമിക്കുന്ന ഫാക്ടറിയിൽ വേതനവർധന, തൊഴിൽ സമയം എട്ട് മണിക്കൂറാക്കി ചുരുക്കൽ, അടിസ്ഥാന സൗകര്യങ്ങൾ എന്നീ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സിഐടിയു നേതൃത്വത്തിൽ സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ രൂപീകരിച്ചെങ്കിലും കമ്പനി എതിർത്തു. യൂണിയനെ അംഗീകരിക്കാനാവില്ലെന്ന് സാംസങ് വ്യക്തമാക്കി. പ്രതിഷേധസമരം കടുത്തു. സമരക്കാരെ പൊലീസ് മർദിച്ചതും കസ്റ്റഡിയിലെടുത്തതും വിമർശനം ക്ഷണിച്ചുവരുത്തി. ഇതോടെ ഇടതുനേതാക്കൾ തൊഴിലാളികളെ പിന്തുണച്ച് വാർത്താസമ്മേളനവും നടത്തി. ഡിഎംകെ മുന്നണിയുടെ ഭാഗമായ വിസികെയുടെ നേതാവ് തോൾ തിരുമാവളവൻ എംപി, സിപിഐഎം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ, സിപിഐ നേതാവ് കെ. മുത്തുരശ് എന്നിവരാണ് വിമർശനം നടത്തിയത്. മാനേജ്മെന്റ് അനുകൂല നിലപാടിൽ നിന്ന് ഡിഎംകെ സർക്കാർ പിന്മാറണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെടുമെന്നും നേതാക്കൾ പറഞ്ഞു. തൊഴിലാളികൾക്ക് ഫാക്ടറിയിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. സമരത്തിലെ പല വ്യവസ്ഥകളും അംഗീകരിച്ചിട്ടും യൂണിയൻ പ്രവർത്തനം തുടരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കമ്പനി നിലപാട്. എന്നാൽ ബദ്ധവൈരികളായ ഡിഎംകെയോട് അനുകൂല നിലപാടാണ് ഈ വിഷയത്തിൽ ബിജെപിക്ക്. സമരത്തിൽ ഡിഎംകെയെ പിന്തുണച്ചുള്ള ബിജെപിയുടെ സമൂഹമാധ്യമ പോസ്റ്റുകളും വൈറലാണിപ്പോൾ.

വിഷയം മുതലെടുത്ത് ഡിഎംകെ സർക്കാരുമായി നല്ല ബന്ധത്തിന് ബിജെപി ശ്രമിക്കുന്നുവെന്നാണ് ഇടതുപക്ഷ വിമർശനം. അതേസമയം, ബിജെപിയുമായി യോജിക്കുന്ന നിലപാട് ഒരിക്കലും സ്വീകരിക്കില്ല. സമരം ഒത്തുതീർപ്പാക്കും, ഇക്കാര്യത്തിൽ തൊഴിലാളികൾക്കൊപ്പമാണെന്നും ഡിഎംകെ വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് സംസ്ഥാന ധനമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com