അൻവറിനെ തള്ളി ഡിഎംകെ; സഖ്യമുണ്ടാക്കാന്‍ താൽപര്യപ്പെടുന്നില്ലെന്ന് വക്താവ് ടികെഎസ് ഇളങ്കോവൻ

സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സിപിഎമ്മുമായി സഖ്യമുണ്ടാക്കുന്ന ഡിഎംകെ അൻവറിനെ അംഗീകരിക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് ഇളങ്കോവൻ വ്യക്തമാക്കി.
അൻവറിനെ തള്ളി ഡിഎംകെ; സഖ്യമുണ്ടാക്കാന്‍ താൽപര്യപ്പെടുന്നില്ലെന്ന് വക്താവ് ടികെഎസ് ഇളങ്കോവൻ
Published on

ഡിഎംകെയുമായുള്ള പി.വി. അന്‍വറിന്‍റെ സഖ്യശ്രമങ്ങള്‍ക്ക് തിരിച്ചടി. പാര്‍ട്ടിയുമായോ മുന്നണിയുമായോ അന്‍വറിനെ സഹകരിപ്പിക്കുന്നതിനോട് ഡിഎംകെ നേതൃത്വത്തിന് താല്‍പര്യമില്ലെന്നാണ് വിവരം. സഖ്യകക്ഷിയായ സിപിഎമ്മിനോട് തെറ്റുന്നവരെ മുന്നണിയിലെടുക്കില്ലെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സിപിഎമ്മുമായി സഖ്യമുണ്ടാക്കുന്ന ഡിഎംകെ അൻവറിനെ അംഗീകരിക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് ഇളങ്കോവൻ വ്യക്തമാക്കി.

അൻവറിനെ പാർട്ടിയിൽ എടുക്കുന്നത് പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പാർട്ടിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് അൻവർ കത്ത് നൽകിയിരുന്നുവെന്നും ഇളങ്കോവൻ പറഞ്ഞു.

ALSO READ : 'ഡിഎംകെ' രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുന്നതില്‍ സാങ്കേതിക പ്രശ്നമുണ്ട്, മതേതര കാഴ്ചപ്പാടുള്ളവരെ ഒപ്പം കൂട്ടും: പി.വി. അന്‍വര്‍

എം.കെ സ്റ്റാലിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പിണറായി വിജയനുമായി തെറ്റിപിരിഞ്ഞ അന്‍വറിനെ ഡിഎംകെയുടെ ഭാഗമാക്കാന്‍ സാധ്യതയില്ലെന്നിരിക്കെ വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിന്‍ എടുക്കുമെന്നും ഇളങ്കോവന്‍ വ്യക്തമാക്കി.

അതേസമയം,പി.വി അൻവർ എംഎൽഎയുടെ രാഷ്ട്രീയ നയവിശദീകരണ യോഗത്തിനുള്ള ഒരുക്കങ്ങള്‍ മഞ്ചേരിയില്‍ പൂര്‍ത്തിയായി. ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള എന്ന പേരിൽ രൂപീകരിച്ച സാമൂഹ്യ കൂട്ടായ്മയുടെ ആദ്യ യോഗമാണ് മഞ്ചേരിയില്‍ നടക്കുന്നത്. ഡിഎംകെ നേതൃത്വം അൻവറിനെ തള്ളിയതോടെ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് അവകാശപ്പെട്ട യോഗത്തിലേക്ക് എത്ര പേർ എത്തിച്ചേരുമെന്നാണ് രാഷ്ട്രീയ കേരളം കൗതുകത്തോടെ നോക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com