
സോഷ്യൽ മീഡിയയിൽ വൈറലായി ബെംഗളൂരു കാബ് ഡ്രൈവറുടെ ആറ് നിർദേശങ്ങൾ. യാത്രക്കാർക്കുള്ള നിർദേശങ്ങളാണ് കാബ് ഡ്രൈവർ സീറ്റിനു പിന്നിൽ ഒട്ടിച്ചിരിക്കുന്നത്. നിർദേശങ്ങൾ സംബന്ധിച്ച് സോഷ്യൽ മീഡിയയിലും ചർച്ച കൊഴുക്കുകയാണ്.
ഒരു യാത്രക്കാരൻ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തതാണ് ഈ ലിസ്റ്റ്. യാത്രക്കാർ പാലിക്കേണ്ട മര്യാദകളാണ് ലിസ്റ്റിൽ കൊടുത്തിരിക്കുന്നത്. ഇതിൽ ഭയ്യാ വിളി വേണ്ടെന്നും ആറ്റിറ്റ്യൂഡ് പോക്കറ്റിൽ വെച്ചോളാനുമുള്ള നിർദേശങ്ങളുണ്ട്.
നിങ്ങളല്ല കാബിൻ്റെ ഉടമസ്ഥൻ, ഈ കാബ് ഓടിക്കുന്നയാളാണ്. മാന്യതയോടെ സംസാരിക്കണം, ഡോർ പതുക്കെ അടക്കണം, ആറ്റിറ്റ്യൂഡ് നിങ്ങളുടെ കൈയിൽ വെച്ചാൽ മതി കാരണം നിങ്ങൾ ഞങ്ങൾക്ക് കൂടുതൽ പണമൊന്നും തരുന്നില്ല, അതുപോലെ ഭയ്യാ വിളി വേണ്ടെന്നും നിർദേശങ്ങളിൽ പറയുന്നു. ഞങ്ങളോട് അധികം വേഗത്തിൽ പോകാൻ പറയുന്നതിന് പകരം നിങ്ങൾ സമയത്തിനെത്തുക എന്നും നിർദേശത്തിലുണ്ട്.
എന്തായാലും നിർദേശങ്ങൾ വൈറലായതോടെ ഭിന്നാഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ചിലർ ഇത്തരം നിർദേശങ്ങൾ നല്ലതാണെന്ന അഭിപ്രായക്കാരാണ്. അതേസമയം, ഭയ്യാ വിളിക്കെന്താണ് കുഴപ്പമെന്നും ചിലർ ചോദിച്ചിട്ടുണ്ട്. പരസ്പരമുള്ള ബഹുമാനം ഉണ്ടെങ്കിൽ ഇത് ഓക്കെ ആണെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെടുന്നത്.