കൊൽക്കത്തയിലെ പ്രതിഷേധം: രാജി ആവശ്യപ്പെട്ട ആരോഗ്യ സെക്രട്ടറി ചർച്ചയ്ക്ക് ക്ഷണിച്ചത് അപമാനകരമെന്ന് ഡോക്ടർമാരുടെ സംഘടന

സിറ്റി പൊലീസ് മേധാവി ഉൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരുടെ രാജി ആവശ്യപ്പെട്ട് ഡോക്ടർമാർ ആരോഗ്യ സെക്രട്ടേറിയറ്റിൽ ക്യാമ്പ് ചെയ്യുന്നതിനിടെ ആയിരുന്നു ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള ഇ-മെയിൽ എത്തിയത്
കൊൽക്കത്തയിലെ പ്രതിഷേധം: രാജി ആവശ്യപ്പെട്ട ആരോഗ്യ സെക്രട്ടറി ചർച്ചയ്ക്ക് ക്ഷണിച്ചത് അപമാനകരമെന്ന് ഡോക്ടർമാരുടെ സംഘടന
Published on


കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന യുവ ഡോക്ടർമാരെ ചർച്ചയ്ക്ക് ക്ഷണിച്ച് ബംഗാൾ സർക്കാർ. ഡോക്ടർമാരുടെ സംഘടനയായ പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ടിന് അയച്ച ഇ-മെയിലിൽ ഒരു മാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാനും ചർച്ചയ്‌ക്ക് വരാനുമാണ് സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ രാജി വേണമെന്നാവശ്യപ്പെട്ട ആരോഗ്യ സെക്രട്ടറി തന്നെ ചർച്ചക്ക് ക്ഷണിച്ചത് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാരുടെ സംഘടന രംഗത്തെത്തി.

ബംഗാൾ ആരോഗ്യ സെക്രട്ടറി, സിറ്റി പൊലീസ് മേധാവി എന്നിവരുൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരുടെ രാജി ആവശ്യപ്പെട്ട് ഡോക്ടർമാർ ആരോഗ്യ സെക്രട്ടറിയേറ്റിൽ ക്യാമ്പ് ചെയ്യുന്നതിനിടെയായിരുന്നു ചർച്ചക്ക് ക്ഷണിച്ചുകൊണ്ടുള്ള ഇമെയിൽ എത്തിയത്. ആരോഗ്യ സെക്രട്ടറിയിൽ നിന്ന് തന്നെയെത്തിയ മെയിൽ അപമാനകരമാണെന്ന് ഡോക്ടർമാർ പറയുന്നു.

"ഞങ്ങൾ സംസ്ഥാന സർക്കാർ ഓഫീസായ സ്വാസ്ഥ്യ ഭവൻ്റെ സമീപം തന്നെയാണ് സമരം ചെയ്യുന്നത്. ഇത്രയടുത്ത് ഉണ്ടായിട്ടും ഇ-മെയിൽ അയച്ചതെന്തിനാണ്? ഞങ്ങളെ കാണാൻ ആരോഗ്യ സെക്രട്ടറിക്ക് നേരിട്ട് വരാമായിരുന്നു. ഞങ്ങൾക്ക് അഞ്ച് ആവശ്യങ്ങളുണ്ട്, ഈ ആവശ്യങ്ങൾ അംഗീകരിക്കപ്പെടേണ്ടതുണ്ട്," ഡോക്ടർമാർ പറയുന്നു. ഇന്ന് രാവിലെയും ആരോഗ്യ സെക്രട്ടറിയേറ്റിലെത്തിയ ഡോക്ടർമാരെ അധികൃതർ ചർച്ചയ്ക്കായി ക്ഷണിച്ചിരുന്നു.

എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ ഉടൻ അംഗീകരിക്കണം എന്നാവശ്യപ്പെട്ട ഡോക്ടർമാർ, ഈ ക്ഷണം നിരസിച്ചു. സിറ്റി പൊലീസ് മേധാവി വിനീത് ഗോയൽ, സംസ്ഥാന ആരോഗ്യ സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, ഹെൽത്ത് സർവീസസ് ഡയറക്ടർ തുടങ്ങി ഒരു കൂട്ടം ആളുകളുടെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങളായിരുന്നു ഡോക്ടർമാർക്ക് ഉണ്ടായിരുന്നത്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് ആശുപത്രി ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് യുവ ഡോക്ടർമാർ പ്രതിഷേധം കടുപ്പിച്ചത്. ജൂനിയർ ഡോക്ടർമാർ പണിമുടക്കിയതിനാൽ പശ്ചിമ ബംഗാളില്‍ 23 പേർ മരിച്ചുവെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ കോടതി നിർദേശത്തില്‍ ജൂനിയർ ഡോക്ടർമാരുടെ തീരുമാനം എന്താണെങ്കിലും അതിനെ പിന്തുണയ്ക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ (ഐഎംഎ) ബംഗാള്‍ ഘടകം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സുപ്രീം കോടതിയില്‍‌ സംസ്ഥാന സർക്കാർ വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും ഡോക്ടർമാർ ആരോപിക്കുന്നു. സഹപ്രവർത്തകയ്ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കാനുള്ള നടപടികളൊന്നും നടക്കുന്നില്ലെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. ജൂനിയർ ഡോക്ടർമാർ പണിമുടക്കിയതിനാല്‍ ഒരു ആശുപത്രിയുടെയും പ്രവർത്തനം പൂർണമായി നിലയ്ക്കുകയോ രോഗികള്‍ മരിക്കാന്‍ കാരണമാകുകയോ ചെയ്തിട്ടില്ലെന്ന് ഐഎംഎ വ്യക്തമാക്കി. അതേസമയം, ഡോക്ടർമാർക്കെതിരെയുള്ള നടപടിയിലൂടെയല്ല, ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.

ആർജി കർ മെഡിക്കല്‍ കോളേജിലെ ട്രെയിനി ഡോക്ടർ ഓഗസ്റ്റ് 9നാണ് ബലാത്സംഗത്തിനിരയാക്കപ്പെട്ട് കൊല്ലപ്പെട്ടത്. കേസില്‍ സഞ്ജയ് റോയ് എന്ന സിവില്‍ വോളന്‍റിയറെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ഡോക്ടറുടെ കൊലപാതകത്തിനു പിന്നില്‍ സെക്സ് റാക്കറ്റിന്‍റെ പങ്കുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പൊലീസിനെ ഉപയോഗിച്ച് മമത സർക്കാർ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിൻ്റേയും, പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെയും ഹർജി പരിഗണിച്ചാണ് ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് കൈമാറിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com