ഇന്ത്യക്കാര്‍ ഡോളോ-650 കഴിക്കുന്നത് ജെംസ് മിഠായി പോലെ! അധികമായാലോ?

കോവിഡ് വാക്സിനെടുക്കുന്നവര്‍ക്ക് ആ സമയങ്ങളിലുണ്ടാകുന്ന പനിയും മറ്റു ശരീര വേദനയും കുറയ്ക്കാനും ഡോക്ടര്‍മാര്‍ അധികമായി ശുപാര്‍ശ ചെയ്തതും ഡോളോ പോലുള്ള മരുന്നുകളാണ്
ഇന്ത്യക്കാര്‍ ഡോളോ-650 കഴിക്കുന്നത് ജെംസ് മിഠായി പോലെ!  അധികമായാലോ?
Published on


ഇന്ത്യക്കാര്‍ എന്ത് അസുഖം വന്നാലും പൊതുവെ ആദ്യം ആശ്രയിക്കുക ഡോളോ 650യെ ആയിരിക്കും. അത് ജലദോഷമായാലും തലവേദനയായാലും ശരീര വേദനയായാലുമൊക്കെ ഡോളോ കഴിക്കുന്നത് ഒരു പതിവായി മാറിയിക്കുകയാണ്. സത്യത്തില്‍ ഇന്ന് അത് ഒരു ട്രെന്‍ഡ് ആണ്.

ഒരു പനിയില്‍ തുടങ്ങി എന്ത് അസുഖം വന്നാലും നമ്മള്‍ ആദ്യം ചെയ്യുക ഒരു ഡോളോ എടുത്ത് കഴിക്കുകയാണ്. ഇന്ന് അതൊരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. അടുത്തിടെ ഈ ട്രെന്‍ഡിനെക്കുറിച്ച് ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റായ പളനിയപ്പന്‍ മാണിക്യം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്. 'ഇന്ത്യക്കാര്‍ കാഡ്ബറി ജെംസ് മിഠായി കഴിക്കുന്നത് പോലെയാണ് ഡോളോ-650 കഴിക്കുന്നത്' എന്നായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

പനി, തലവേദന, ശരീര വേദന തുടങ്ങി ചെറുതും വലുതുമായ നിരവധി രോഗങ്ങള്‍ക്ക് ഇന്ത്യയില്‍ ഡോക്ടര്‍മാര്‍ പോലും ശുപാര്‍ശ ചെയ്യുന്നത് ഡോളോ-650യാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഡോളോ കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും, അധികമായാല്‍ അമൃതും വിഷമാണെന്ന് പറയുന്നതു പോലെ ഉപയോഗം കൂടി കഴിഞ്ഞാല്‍ വൃക്കയെ പോലും സാരമായി ബാധിക്കും.

കോവിഡ് വാക്സിനെടുക്കുന്നവര്‍ക്ക് ആ സമയങ്ങളിലുണ്ടാകുന്ന പനിയും മറ്റു ശരീര വേദനയും കുറയ്ക്കാനും ഡോക്ടര്‍മാര്‍ അധികമായി ശുപാര്‍ശ ചെയ്തതും ഡോളോ പോലുള്ള മരുന്നുകളാണ്. ഡോളോപാര്‍ ടാബ്ലെറ്റിന്റെ പിന്‍ഗാമിയായ ഡോളോ-650യില്‍ പാരസെറ്റാമോള്‍ അടങ്ങിയിട്ടുളളതിനാല്‍ വേദന, വീക്കം, പനി തുടങ്ങിയ രോഗങ്ങളെ തടയുകയും ശരീര താപനില കുറയ്ക്കുകയും ചെയ്യുന്നു.

ഫോര്‍ബ്സ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, കോവിഡ് മഹാമാരിയുടെ കാലത്ത് മൈക്രോ ലാബുകള്‍ 350 കോടി ഡോളോ-650 ടാബ്ലറ്റുകള്‍ വിറ്റതിലൂടെ 400 കോടി പ്രതി വര്‍ഷ വരുമാനം നേടി. മാര്‍ക്കറ്റ് റിസേര്‍ച്ച് സ്ഥാപനമായ ഐക്യുവിഐഎയുടെ കണക്കുകള്‍ പ്രകാരം കോവിഡിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ 7.5 കോടി ടാബ്ലെറ്റ് സ്ട്രിപ്പുകളാണ് പ്രതി വര്‍ഷം വിറ്റ് പോയിരുന്നതെങ്കില്‍ 2021 അവസാനമായതോടെ വിറ്റു പോയ ടാബ്‌ലറ്റ് സ്ട്രിപ്പുകളുടെ എണ്ണം 14.5 കോടിയായി ഉയര്‍ന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com