ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയിട്ടില്ല, ശബ്ദമുയർത്തിയത് ബിജെപിക്കെതിരെ; ആരോപണം നിഷേധിച്ച് മമത ബാനർജി

കൊൽക്കത്ത പൊലീസിൽ നിന്ന് സിബിഐക്ക് കേസ് കൈമാറിയിട്ട് 16 ദിവസമായി, കേസിൽ നിർണായകമായമായ കണ്ടെത്തലുകളൊന്നും ഉണ്ടാകാത്തതെന്താണെന്നും മമത ചോദിച്ചു
ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയിട്ടില്ല, ശബ്ദമുയർത്തിയത് ബിജെപിക്കെതിരെ; 
ആരോപണം നിഷേധിച്ച് മമത ബാനർജി
Published on

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ, തനിക്കെതിരെ ഉയർന്നുവന്നത് ഭീകരമായ കുപ്രചാരണമെന്ന് വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. താൻ വിദ്യാർഥികളുടെ സമരത്തെ ഒരിക്കലും എതിർത്തിട്ടില്ല, അവരുടേതേ് സത്യത്തിന് വേണ്ടിയുള്ള സമരമാണ്, താനും അവരെ പിന്തുണയ്ക്കുന്നു. തനിക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത് തെറ്റായ ആരോപണങ്ങളാണെന്നും മമത ബാനർജി എക്സിൽ കുറിച്ചു.

താൻ ബിജെപിക്കെതിരെ ശബ്ദമുയർത്തിയിരുന്നു. കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ അവർ സംസ്ഥാനത്തെ ജനാധിപത്യവും ക്രമസമാധാനവും തകർക്കാൻ ശ്രമിക്കുകയാണ്. അതിനെയാണ് താൻ എതിർത്തതെന്നും മമത ബാനർജി എക്സിൽ കുറിച്ചു. കൊൽക്കത്ത പൊലീസിൽ നിന്ന് സിബിഐക്ക് കേസ് കൈമാറിയിട്ട് 16 ദിവസമായി, കേസിൽ നിർണായകമായ കണ്ടെത്തലുകളൊന്നും ഉണ്ടാകാത്തതെന്താണെന്നും മമത ചോദിച്ചു.

കഴിഞ്ഞ ദിവസം ബിജെപി നേതാവായ സുധാൻഷു ത്രിവേദി, മമത ബാനർജി ഡോക്ടർമാരെ വിരട്ടുകയാണെന്ന് ആരോപണമുന്നയിച്ചിരുന്നു. മമത ഡോക്ടർമാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അവരുടെ തൊഴിൽ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നാണ് പറഞ്ഞത്. മമത ഡോക്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും സുധാൻഷു ത്രിവേദി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആർജി കർ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിന്‍റെ അംഗത്വം റദ്ദാക്കി. ഡോക്ടറുടെ കൊലപാതകത്തിനു പിന്നാലെ സിബിഐ സന്ദീപിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഐഎംഎയുടെ നടപടി. ആശുപത്രിയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡിയും സന്ദീപിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com