
ഗാർഹിക പീഡനത്തെത്തുടർന്ന് യുവതിയും മകളും ആത്മഹത്യ ചെയ്തതായി പരാതി. ഉത്തര്‍ പ്രദേശിലെ ബദോഹിയിലെ അരയ് ഗ്രാമത്തില്‍ താമസിക്കുന്ന സുമൻ തിവാരിയും (42) മകൾ കോമളുമാണ് (22) ആത്മഹത്യ ചെയ്തത്. കീടനാശിനിയായ സള്‍ഫസ് ഗുളികകള്‍ കഴിച്ചാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ഭര്‍തൃമാതാവ് മഹാരാജി ദേവിയുടെയും ഭര്‍തൃസഹോദരി സരോജ് ദേവിയുടെയും നിരന്തരമായ പീഡനത്താലാണ് യുവതിയും മകളും ആത്മഹത്യ ചെയ്തതെന്നാരോപിച്ച് സുമൻ്റെ സഹോദരൻ പൊലീസിൽ പരാതി നൽകി.
അതേസമയം, യുവതിക്ക് 2.5 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും അതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ആരോപണമുണ്ട്. സുമൻ്റെ ഭർത്താവ് സുനിൽ തിവാരി മാനസിക വൈകല്യമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. നിരവധിയാളുകളിൽ നിന്നായി കടം വാങ്ങിയത് തിരികെ അടയ്ക്കാൻ സാധിക്കാതെ വന്നതോടെയാണ് സുമനും മകളും ആത്മഹത്യ ചെയ്തതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവം നടന്ന ഉടൻ തന്നെ ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.