
ഫ്രാൻസിൽ ഭാര്യയെ മയക്കുമരുന്ന് നൽകിയ ശേഷം, അപരിചിതരെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ച കേസിൽ കുറ്റം സമ്മതിച്ച് ഭർത്താവ്. കേസിൽ പ്രതിയായ 71 കാരനാണ് വിചാരണ വേളയിൽ കുറ്റം ഏറ്റുപറഞ്ഞത്. ഫ്രാൻസിലെ സർക്കാർ ഉടമസ്ഥതയിലുള്ള പവർ യൂട്ടിലിറ്റി കമ്പനിയായ ഇഡിഎഫിലെ മുൻ ജീവനക്കാരനായ ഡൊമിനിക് പെലിക്കോട്ട് ആണ് കേസില്‍ വിചാരണ നേരിടുന്നത്. വിചാരണ ആരംഭിച്ചതിന് ശേഷമുള്ള തൻ്റെ ആദ്യ സാക്ഷിമൊഴിയിൽ തനിക്കെതിരായ എല്ലാ കുറ്റങ്ങളും ഡൊമിനിക് പെലിക്കോട്ട് സമ്മതിച്ചു.
മറ്റുള്ളവരെപ്പോലെ താനും ഈ കേസിലെ ബലാത്സംഗക്കാരനാണ്. എൻ്റെ ഭാര്യ ഇത് അർഹിച്ചിരുന്നില്ല. അവളിൽ താൻ വളരെ സന്തോഷവനായിരുന്നു. തൻ്റെ പ്രവർത്തി നിർത്താൻ ആഗ്രഹിച്ചിരുന്നെങ്കിലും ആസക്തി കൂടുതൽ ശക്തമായിരുന്നു. അവളോട് വിശ്വാസ വഞ്ചന കാണിച്ചു. ഒരിക്കലും ഇത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഡൊമിനിക് പറഞ്ഞു. അതേസമയം കൂട്ട വിചാരണയിൽ ഉൾപ്പെട്ട 50 പ്രതികളിൽ 15 പേർ മാത്രമാണ് ബലാത്സംഗക്കുറ്റം സമ്മതിച്ചത്.
മൂന്ന് സ്ത്രീകളുടെ ചിത്രങ്ങൾ രഹസ്യമായി ചിത്രീകരിക്കുന്നതിനിടെ ഡൊമിനിക്ക് പിടിയിലായതിനെ തുടര്‍ന്നാണ് അസാധാരണവും വിചിത്രവുമായ കുറ്റകൃത്യത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ തുടരന്വേഷണത്തിലാണ് ഡൊമിനിക്കിന്റെ കംപ്യൂട്ടറിൽ നിന്നും ഭാര്യയുടെ നൂറു കണക്കിന് ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തത്. കണ്ടെടുത്ത ചിത്രങ്ങളിൽ ഡൊമിനിക്കിന്റെ മകളുടെ അർധനഗ്ന ഫോട്ടോകളും ഉണ്ടായിരുന്നു.
അവിഗ്നണിലെ മാസാനിലുള്ള വീട്ടിൽ വെച്ച് നടന്ന ബലാത്സംഗങ്ങളുടെ നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെട്ടിരുന്നു. അതിലെല്ലാം സ്ത്രീ അബോധാവസ്ഥയിലായിരുന്നു. മാത്രമല്ല, ഒരു വെബ്സൈറ്റിൽ ഡൊമിനിക്ക് നടത്തിയ ചാറ്റുകളും പൊലീസ് കണ്ടെടുത്തു. അപരിചിതരുമായി ബന്ധപ്പെടുകയും ഭാര്യയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ക്ഷണിക്കുകയും ചെയ്തിരുന്നത് ഈ സൈറ്റ് വഴിയാണെന്നുെം പൊലീസ് കണ്ടെത്തിയിരുന്നു.
2011 മുതല്‍ പത്ത് വര്‍ഷത്തോളം സ്ത്രീ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭാര്യയ്ക്ക് ടെമെസ്റ്റ അടക്കമുള്ള ഹെവി ഡോസ് ട്രാൻക്വിലൈസേഴ്സ് നൽകിയിരുന്നതായി ഡൊമിനിക് വെളിപ്പെടുത്തി. 2011 ൽ ഇരുവരും പാരിസിൽ താമസിച്ചിരുന്നപ്പോൾ ആരംഭിച്ച ചൂഷണം പിന്നീട് മാസാനിലേക്ക് മാറിയ ശേഷവും തുടരുകയായിരുന്നു. അജ്ഞാതര്‍ക്കൊപ്പം ഡൊമിനിക്കും ബലാത്സംഗത്തിൽ പങ്കാളിയായിരുന്നു. മോശം വാക്കുകളുപയോഗിച്ച്, മറ്റുള്ളവരെ ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
72 പേർ ചേർന്ന് 92 തവണയാണ് 72 കാരിയെ ബലാത്സംഗം ചെയ്തത്. ഇതിൽ 51 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 24 നും 74 നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. ഹെവി ഡോസ് മയക്കുമരുന്ന് നൽകിയശേഷമായിരുന്നു ബലാത്സംഗം. സ്ത്രീ ലഹരിയുടെ മയക്കത്തിലായിരുന്നതിനാല്‍, പത്ത് വർഷമായി തുടർന്നുകൊണ്ടിരുന്ന ചൂഷണത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഡൊമിനക് പിടിയിലായതോടെ, 2020ലാണ് സ്ത്രീ പീഡനത്തെക്കുറിച്ച് അറിഞ്ഞത്.