ടിക്ടോക്ക് നിരോധിക്കരുത്, യുഎസ് സുപ്രീം കോടതിയെ സമീപിച്ച് ട്രംപ്; നീക്കം നിരോധത്തിനുള്ള സമയപരിധി അവസാനിക്കെ

ടിക്ടോക്കിന്‍റെ മാതൃകമ്പനിയായ ബെെറ്റ് ഡാന്‍സിന്, നിരോധനത്തെ മറികടക്കാനുള്ള ഏകമാർഗം പ്ലാറ്റ്‌ഫോം വിറ്റഴിച്ച്, ചെെനയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണ്
ടിക്ടോക്ക് നിരോധിക്കരുത്, യുഎസ് സുപ്രീം കോടതിയെ സമീപിച്ച് ട്രംപ്; നീക്കം നിരോധത്തിനുള്ള സമയപരിധി അവസാനിക്കെ
Published on


സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക്ടോക്കിന്റെ നിരോധനം തടയണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നിരോധനം നേരിടാതിരിക്കാൻ യുഎസ് സുപ്രീം കോടതി നൽകിയ സമയപരിധി ഈ മാസം 19 ന് അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ നീക്കം.

ടിക്ടോക്കിന്‍റെ മാതൃകമ്പനിയായ ബെെറ്റ് ഡാന്‍സിന്, നിരോധനത്തെ മറികടക്കാനുള്ള ഏകമാർഗം പ്ലാറ്റ്‌ഫോം വിറ്റഴിച്ച്, ചെെനയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണ്. ജനുവരി 19നകം ഈ തീരുമാനമെടുത്തില്ലെങ്കില്‍ അമേരിക്കയില്‍ നിരോധനം നേരിടേണ്ടിവരുമെന്നാണ് യുഎസ് സുപ്രീംകോടതിയുടെ അന്ത്യശാസനം. ​ഇതിനിടെയാണ് നിരോധനം തടയണമെന്ന ആവശ്യവുമായി ട്രംപ് കോടതിയെ സമീപിച്ചത്.

രാജ്യത്ത് 170 ദശലക്ഷം ഉപയോക്താക്കളുള്ള ഒരു സമൂഹമാധ്യമത്തെ നിരോധിക്കാനുള്ള നീക്കം ഭരണഘടനയുടെ ഒന്നാം ഭേദഗതി അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നാണ് ട്രംപിന്‍റെ വാദം. ടിക്ടോക്കുമായി ബന്ധപ്പെട്ട സുരക്ഷാപ്രശ്നങ്ങള്‍ ഭരണത്തിലേറിയതിനുശേഷം നയതന്ത്രഇടപെടലുകളിലൂടെ പരിഹരിക്കാവുന്നതാണെന്നും ട്രംപിന്‍റെ ഹർജി പറയുന്നു. യുഎസ് സോളിസിറ്റർ ജനറലായി ട്രംപ് നിയോഗിച്ച ജോൺ സോവറാണ് ട്രംപിനുവേണ്ടി ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ബെെഡന്‍ ഭരണകൂടത്തിനൊപ്പം നിരോധനത്തെ അനുകൂലിക്കുന്ന റിപബ്ലിക്കന്‍സ് ദേശസുരക്ഷയ്ക്ക് ടിക്ടോക് ഭീഷണിയാണെന്ന വാദത്തിലുറച്ചുനില്‍ക്കുകയാണ്. 22 സ്റ്റേറ്റുകളില്‍ നിന്നുള്ള റിപബ്ലിക്കന്‍ അറ്റേണി ജനറല്‍മാരാണ് ടിക്ടോക്ക് നിരോധത്തെ അനുകൂലിച്ച് ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്. ചെെന ചാരപ്രവർത്തനത്തിനായി ആപ്പ് ഉപയോഗിക്കുന്നു. അമേരിക്കന്‍ ഉപയോക്താക്കളുടെ സ്വാകാര്യസംഭഷണങ്ങളും വ്യക്തിവിവരങ്ങളും ചോർത്തുന്നു. ഉള്ളടക്കങ്ങളെ ഗൂഢലക്ഷ്യത്തോടെ സ്വാധീനിക്കുന്നു എന്നിങ്ങനെ നിരോധനത്തിനായി നീതിന്യായ വകുപ്പ് മുന്നോട്ടുവയ്ക്കുന്ന ആരോപണങ്ങളെ ഇവർ പിന്താങ്ങുന്നു.

ജനുവരി 19 ഓടെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക്ടോക്കിനെ നീക്കം ചെയ്യാന്‍ തയ്യാറായിരിക്കണമെന്നാണ് ഡിസംബർ 13ന് കോടതി ആപ്പിള്‍, ഗൂഗിള്‍ സ്റ്റോറുകള്‍ക്ക് നല്‍കിയിരിക്കുന്ന നിർദേശം. നിലവില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് തുടർന്നും ടിക്ടോക് ഉപയോഗിക്കാമെങ്കിലും കാലാന്തരത്തില്‍ സോഫ്റ്റ് വെയർ അപ്ഡേറ്റില്ലാതെ ആപ്പ് ഉപയോഗശൂന്യമാകുമെന്നാണ് വിദഗ്ദർ പറയുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com