
അമേരിക്കൻ പ്രസിഡൻ്റ്ജോ ബൈഡനെയും കമല ഹാരിസിനെയും രൂക്ഷമായി വിമർശിച്ച്റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യയിൽ ബോംബാക്രമണം തുടരുമ്പോൾരാജ്യത്തിനായി ഇടപെടാൻ ആരുമില്ലെന്ന് ട്രംപ് വിമർശിച്ചു.
ഇസ്രായേൽ പലസ്തീൻ യുദ്ധം വരാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനമുണ്ടാക്കുമെന്ന സൂചനയ്ക്കിടെയാണ് വിഷയം ഡെമോക്രാറ്റിക് പാർട്ടിക്ക് നേരെ ഡോണാൾഡ് ട്രംപ് തിരിച്ചുവിടുന്നത്. ബോംബാക്രമണം തുടരുമ്പോൾ രാജ്യത്തിന് വേണ്ടി സംസാരിക്കാനും ഇടപെടാനും പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും തയ്യാറാകുന്നില്ലെന്നാണ് വിമർശനം. കാലിഫോർണിയയിൽ ജോ ബൈഡൻ അവധിയാഘോഷിക്കാനെത്തിയ സംഭവം വിവാദമായത് ചൂണ്ടിക്കാട്ടിയാണ് പശ്ചിമേഷ്യയിലെ പ്രതിസന്ധിയിൽ അമേരിക്കൻ പ്രസിഡൻ്റിന് ഉദാസീന സമീപനമെന്ന് വിമർശിക്കുന്നത്.
ബോംബുകൾ വർഷിക്കപ്പെടുമ്പോൾ പ്രസിഡൻ്റ് ജോ ബൈഡൻ ബീച്ചിൽ ഉറങ്ങുകയാണ്. ഉത്തരവാദിത്തം നിറവേറ്റേണ്ട കമലാ ഹാരിസാകട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും. ആരാണ് രാജ്യത്തിനായി സംസാരിക്കാനുള്ളതെന്നും ട്രംപ് ചോദിക്കുന്നു. കമല ഹാരിസ് ഒരു മോശം വൈസ് പ്രസിഡൻ്റാണെന്നും ഡോണൾഡ് ട്രംപിൻ്റെ വിമർശനം.
ഇതാണ് ബൈഡൻ്റെ സമീപനമെങ്കിൽ മൂന്നാം ലോകമഹായുദ്ധം നമ്മൾ കാണേണ്ടി വരുമെന്നുംട്രംപിൻ്റെ മുന്നറിപ്പ്. ഭരണത്തിൽ വന്നാൽ പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരുമെന്ന് നേരത്തെ ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. നവംബറിലാണ് യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കുക.