"അക്രമി ഡെമോക്രാറ്റുകളെ പോലെ പ്രകോപനപരമായി സംസാരിക്കുന്നു"; രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിച്ച് ട്രംപ്

ഫോക്സ് ന്യൂസിനോട് സംസാരിക്കവെയായിരുന്നു ട്രംപിൻ്റെ പ്രസ്താവന
"അക്രമി ഡെമോക്രാറ്റുകളെ പോലെ പ്രകോപനപരമായി സംസാരിക്കുന്നു"; രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിച്ച് ട്രംപ്
Published on


ഫ്ലോറിഡയിലെ വധശ്രമത്തിന് പിന്നാലെ ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയും എതിരാളിയുമായ കമലാ ഹാരിസിനെതിരെ കടുത്ത വിമർശനമുന്നയിച്ച് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് . തന്നെ ആക്രമിച്ചയാൾ ഡെമോക്രാറ്റുകളെ പോലെ പ്രകോപനപരമായ ഭാഷയാണ് സംസാരിക്കുന്നത് എന്നായിരുന്നു ട്രംപിൻ്റെ ആരോപണം. ഫോക്സ് ന്യൂസിനോട് സംസാരിക്കവെയായിരുന്നു ട്രംപിൻ്റെ ഈ പ്രതികരണം. നവംബറിലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് 50 ദിവസം ബാക്കി നിൽക്കെയാണ് ട്രംപിന് നേരെ വധശ്രമം നടന്നത്.

"ബൈഡൻ്റെയും ഹാരിസിൻ്റെയും വാക്‌ചാതുര്യം അവൻ വിശ്വസിച്ചു. അതനുസരിച്ച് അവൻ പ്രവർത്തിച്ചു. അവരുടെ വാചാടോപം എനിക്ക് നേരെയുള്ള ആക്രമണത്തിന് ഇടയാക്കുന്നു. ഞാൻ രാജ്യത്തെ രക്ഷിക്കാൻ പോകുന്ന ആളാണ്. അവർ രാജ്യത്തെ നശിപ്പിക്കുന്നവരാണ്, അകത്ത് നിന്നും പുറത്തും നിന്നും," ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.

എബിസി ചർച്ചയ്ക്കിടെ സഖാവ് കമലാ ഹാരിസ് നടത്തിയ തെറ്റായ പ്രസ്താവനകൾ, ജോ ബൈഡന് പ്രശ്നങ്ങൾ വരാതിരിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്‌ത പരിഹാസ്യമായ നടപടിക്രമങ്ങൾ, ഇവയെല്ലാം നമ്മുടെ രാജ്യത്ത് രാഷ്ട്രീയത്തെ വെറുപ്പിൻ്റെയും അവിശ്വാസത്തിൻ്റെയും ഒരു പുതിയ തലത്തിലേക്ക് എത്തിച്ചു. കമ്മ്യൂണിസ്റ്റ് പ്രഖ്യാപനങ്ങൾ കാരണം രാജ്യത്ത് വെടിയുണ്ടകൾ പറക്കുകയാണ്. ഈ സാഹചര്യം കൂടുതൽ മോശമാവുകയേയുള്ളൂ," ട്രംപ് വിമർശിച്ചു.

ഒപ്പം കുടിയേറ്റക്കാർക്കെതിരായ പരമാർശവും ട്രംപ് നടത്തി. അന്യരാജ്യത്ത് നിന്ന് ആളുകളെ അമേരിക്കയിലേക്ക് എത്താൻ അനുവദിക്കുന്നത് മാപ്പർഹിക്കാത്ത തെറ്റാണെന്നായിരുന്നു ട്രംപിൻ്റെ പക്ഷം.  "അജ്ഞാതമായ സ്ഥലങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകളെ നമ്മുടെ രാജ്യം പിടിച്ചടക്കാൻ അനുവദിക്കുന്നത് മാപ്പർഹിക്കാത്ത പാപമാണ്. നമ്മുടെ അതിർത്തികൾ അടച്ചിടണം. തീവ്രവാദികൾ, കുറ്റവാളികൾ, ഭ്രാന്തൻമാർ എന്നിവരെ അമേരിക്കൻ നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നും ഉടനടി നീക്കം ചെയ്യണം. അവരുടെ രാജ്യങ്ങളിലേക്ക് തന്നെ നാടുകടത്തണം. ആളുകൾ നമ്മുടെ രാജ്യത്തേക്ക് വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ അവർ നമ്മുടെ രാജ്യത്തെ സ്നേഹിക്കുകയും നിയമപരമായും മെറിറ്റ് സംവിധാനത്തിലൂടെയും വരുകയും വേണം. ലോകം വിഡ്ഢികളായി നമ്മെ നോക്കി ചിരിക്കുന്നു. അവർ നമ്മുടെ ജോലിയും സമ്പത്തും അപഹരിക്കുന്നു. ഇനി നമ്മൾ അവരെ ചിരിക്കാൻ അനുവദിക്കരുത്. അമേരിക്കയെ കൂടുതൽ മികച്ചതാക്കണം," ട്രംപ് എക്സിൽ കുറിച്ചു.

ഞായറാഴ്ച യുഎസ് സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ട്രംപിന് നേരെ വെടിവെപ്പുണ്ടാവുന്നത്. ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇൻ്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിൽ വെടിവെപ്പുണ്ടായെന്ന് ട്രംപിന്‍റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറാണ് എക്‌സിലൂടെ ആദ്യം സ്ഥിരീകരിച്ചത്. റിപബ്ലിക്കൻ സ്ഥാനാർഥി സുരക്ഷിതനാണെന്ന് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗം കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങും അറിയിച്ചു.

ഗോള്‍ഫ് ക്ലബില്‍ വെടിവെപ്പ് ഉണ്ടായ ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമിക്ക് നേരെയും വെടിയുതിർത്തിരുന്നു. രണ്ട് ബാഗുകള്‍ ഉപേക്ഷിച്ച് സ്ഥലം വിട്ടെങ്കിലും സമീപ പ്രദേശത്ത് നിന്നും അക്രമിയെ പൊലീസ്  കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും ആക്രമണത്തിന് ഉപയോഗിച്ച എ.കെ. 47 തോക്ക് കണ്ടെത്തി. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടനുസരിച്ച് നോർത്ത് കരോലിന ഗ്രീൻസ്ബോറോയിൽ നിന്നുള്ള ഒരു മുൻ നിർമാണ തൊഴിലാളിയായ റയാൻ റൗത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com